പാവറട്ടി : പൂവ്വത്തൂരിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ന്യുഡൽഹിയിൽ നിന്നും കുന്ദംകുളത്തേക്കും കോട്ടയത്തേക്കും ചെരിപ്പുകളും തുണിത്തരങ്ങളുമായി വന്ന കണ്ടെയ്നർ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചത്.
പൂവത്തൂർ പഴയ പോലിസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തു വെച്ച് താഴ്ന്നു കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. കമ്പികൾ കൂട്ടി ഉരുമിയുണ്ടായ തീ പൊരികൾ വീണതിലാണ് തീ പിടിച്ചത്.
ലോറിയിൽ ഉണ്ടായിരുന്ന ചെരുപ്പും തുണിത്തരങ്ങളും അടങ്ങിയ പെട്ടികളും ചാക്കുകളും കത്തി നശിച്ചു. ഗുരുവായൂരിൽ നിന്നും ഉടൻ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏഴോടെ ആയിരുന്നു അപകടം. പൂവ്വത്തൂർ കാഞ്ഞാണി റോഡിൽ ഇതുമൂലം ഒരു മണിക്കൂറിലേറെ സമയം വാഹന ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പിയിൽ നിന്നും തീ പൊരികൾ വീണതോടെ ചാക്കുകളിൽ തീ പടർന്നു. പുറത്തേക്കു പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം കൂട്ടിയാണ് വാഹനം നിറുത്തിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ എത്തി രക്ഷാ പ്രവർത്തനം നടത്തി. ചെരുപ്പും തുണികളും നിറച്ച പതിനഞ്ചോളം ചാക്കുകൾ കത്തി നശിച്ചു. പാവറട്ടി എസ്.ഐ. ബിന്തുലാലിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
ചാവക്കാട് റോഡിലെ തെറ്റായ ദിശാബോർഡാണ് ലോറിയെ
വഴിതെറ്റിച്ചു പൂവത്തൂരിലെത്തിച്ചത്. ബോർഡുകളെ കുറിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ചാവക്കാട് പൊലീസിന് ബോർഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിവേദനവും നൽകിയിരുന്നുവെങ്കിലും ഇത് വരെയും നടപടിയുണ്ടായിട്ടില്ല. ദീർഘ ദൂര ലോറികൾ തെറ്റായ ദിശാബോർഡുകൾ നോക്കിയും ഗൂഗിൾ മേപ്പ് നോക്കി ദൂരം കുറഞ്ഞ വഴി തെരഞ്ഞെടുക്കുന്നതുംമൂലം ഡ്രൈവർമാർ ഈ റോഡിലൂടെ വഴി തെറ്റി എത്തുന്നത് പതിവാണ്.