ചാവക്കാട് : ജീവിതം പൂര്‍ണമാവണമെങ്കില്‍ കരുണചെയ്യണമെന്ന് ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം മൊയ്തീന്‍കുട്ടി അല്‍ഖാസിമി പറഞ്ഞു. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയുടെ ഉദ്ഘാടനവും ധന സഹായ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദേഹം. പ്രയാസപ്പെടുന്നവരെ സംരക്ഷിക്കലും, സഹായിക്കലും ഇസ്‌ലാമില്‍ വലിയ നേട്ടമുള്ള കാര്യമാണ്. നമ്മുടെ ചുറ്റുവട്ടത്തുള്ള നിര്‍ദ്ധന സമൂഹത്തെ നാം കാണാതെ പോകരുത്, അവരെ സംരക്ഷിച്ചെമതിയാവു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമോ, മതമോ ഇല്ല എല്ലാവരേയും ഒന്നായി കാണാന്‍ കഴിയണം അദേഹം പറഞ്ഞു.
വിവിധ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂട്ടായ്മ ഇതിനകം ലക്ഷകണക്കിനു രൂപയുടെ വിവാഹ മെഡിക്കല്‍ ധന സഹായങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. പ്രതിമാസം നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്നുവാങ്ങാനുള്ള ധനസഹായത്തിന്റെ വിതരണവും, വിധവകള്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു.
പ്രസിഡന്റ് നൗഷാദ് വലിയകത്ത് അധ്യക്ഷതവഹിച്ചു. ബ്‌ളാങ്ങാട് കാട്ടില്‍ മഹല്ല് ജന: സെക്രട്ടറി സി ഹസന്‍കോയ ഹാജി, വി കെ കുഞ്ഞാലു, കെ വി ഷാഹു, വി കെ കുഞ്ഞുട്ടി, പി വി ബക്കര്‍ ഹാജി, എ വി മുഹമ്മദ് മുസ്തഫ, റാഫി വലിയകത്ത്, വി കെ ഇബ്രാഹീം കുട്ടി, മിര്‍സാദ് ചാലില്‍, റിയാസ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നിര്‍ദ്ധനകുടുംബങ്ങള്‍ക്കുള്ള അരിവിതരണവും നടന്നു.