കടപ്പുറം : കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം. ഒരു രാത്രികൊണ്ട് ഡിവൈഎഫ്ഐയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം പച്ചനിറവും ലീഗിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം ചുവപ്പ് നിറവുമായി. പാർട്ടി ഓഫിസുകളിലേക്ക് പെയിന്റൊഴിച്ചും കൊടിതോരണങ്ങൾ പരസ്പരം നശിപ്പിച്ചും സംഘർഷാവസ്ഥതുടരുന്നു. കടപ്പുറം കോളനിപ്പടിയിൽ മുസ്‌ലിം ലീഗ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പച്ചനിറത്തിനു പകരം പൂർണമായും ചുവപ്പടിച്ചു.
അതുപോലെ അഞ്ചങ്ങാടിയിൽ ഡിവൈഎഫ്ഐയുടെ വെള്ള പെയിന്റടിച്ചിട്ടുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പച്ച പെയിന്റും അടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
കൊടിതോരണങ്ങളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇവിടെ ലീഗ്–ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു. സിപിഎം ചാവക്കാട് ഏരിയ സമ്മേളനം കടപ്പുറം പഞ്ചായത്തിലാണു നടക്കുന്നത്.