ചാവക്കാട്:  ഹര്‍ത്താല്‍ദിനത്തില്‍ ദേശീയപാതയില്‍ മണത്തല  ബേബിറോഡിനു സമീപം വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളായ ഏഴ് ദളിദ് ഐക്യവേദിപ്രവര്‍ത്തകരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച  രാവിലെ 9.15 നായിരുന്നു സംഭവം. പേരകം വെള്ളാട്ട് വിനുകുട്ടന്‍(27), കൊല്ലം പുനലൂര്‍ രാജീവ് ഭവനില്‍ രാജീവ്(30), പേരകം കളരിക്കല്‍പറമ്പ് വിഷ്ണു(23), എരുമപ്പെട്ടി മൂത്തേടത്ത് സന്തോഷ്(33), പേരകം വെള്ളാട്ട് വിഷ്ണു(24), പേരകം പുന്ന നിധീഷ്(24), എരുമപ്പെട്ടി മൂത്തേടത്തുപടി ഉണ്ണികൃഷ്ണന്‍(40) എന്നിവരെയാണ് എസ്.ഐ. എ വി രാധാകൃഷ്ണന്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ബൈക്കുകളില്‍ പതാകകളുമായി എത്തിയ ഇവര്‍ വാഹനങ്ങള്‍ തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ ബൈക്കുകളിലും മറ്റുമെത്തി വാഹനങ്ങള്‍ തടയുകയും  തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. ചാവക്കാട്ട് നഗരത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ തുറന്നില്ല. താലൂക്കാഫീസ് പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാര്‍ ഹാജര്‍ കുറവായിരുന്നു. ചുരുക്കം ചില ബാങ്കുകളും പ്രവര്‍ത്തിച്ചു. റജിസ്ട്രാര്‍ ഓഫീസ് തുറന്നില്ല.