ചാവക്കാട് : പട്ടികജാതി വിദ്യാര്‍ഥിക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതി. വില്ലേജോഫീസര്‍ക്കും പട്ടികജാതി വികസന ഓഫീസര്‍ക്കുമെതിരെ ചാവക്കാട് താലൂക്ക് ലീഗല്‍ കമ്മിറ്റിക്കാണ് പരാതി നല്‍കിയിട്ടുള്ളത്. കടപ്പുറം അഞ്ചങ്ങാടി എടക്കാട്ടുവീട്ടില്‍ ധനലക്ഷ്മി ശശിയാണ് പരാതിക്കാരി.
എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ ചാവക്കാട് പട്ടികജാതി വികസന ഓഫീസറെ സമീപിച്ചെങ്കിലും മടക്കി അയച്ചെന്നാണ് പരാതി. അച്ഛന്റെയും അമ്മയുടെയും ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കിയിട്ടും മകളുടേതു കൂടി വേണം എന്നു പറഞ്ഞ് മടക്കിയയച്ചു.
തുടര്‍ന്ന് ജൂലായ് 12ന് കടപ്പുറം വില്ലേജ് ഓഫീസര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ധനലക്ഷ്മി പറയുന്നു. മകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി മൂലം നഷ്ടപ്പെട്ടെന്നാരോപിച്ചാണ് പരാതി നല്‍കിയത്.