ചാവക്കാട് : സാമൂഹ്യ വിരുദ്ധർ വീടുകയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരനായ കുട്ടിയേയും
മാതാപിതാക്കളെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചവടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാലവിളയിൽ സുധീർ (40), ഭാര്യ നസീറ (30) മകനും ഭിന്നശേഷിക്കാരനുമായ മുഹമ്മദ് റാഫി (15) എന്നിവരെയായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞു അഞ്ചുമണിയോടെയാണ് സംഭവം. ഭിന്ന ശേഷിക്കാരനായ മുഹമ്മദ് റാഫി അയല്പക്കത്തെ വീട്ടിലെ കാളിംഗ് ബെൽ
അടിച്ചുവെന്നും ആ സമയം അവിടെ കൂടിയിരുന്നവരിൽ ഒരാൾ റാഫിയെ ചെരുപ്പുകൊണ്ട് അടിക്കുകയും ഇത് കണ്ടുവന്ന മാതാവ് നസീറ സുഖമില്ലാത്ത കുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ സമയം അവിടെ എത്തിയ സുധീർ ഭാര്യയെയും സുഖമില്ലാത്ത മകനെയും കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് കൂടുതൽ ആളുകളെ സംഘടിപ്പിച്ചെത്തിയ അക്രമികൾ സുധീറിനെയും ഭാര്യയേയും സുഖമില്ലാത്ത മകനെയും വീട്ടിൽ കയറി ക്രൂരമായി മർദിച്ചതായി പറയുന്നു.
ചാവക്കാട് പോലീസ് താലൂക്ക് ആശുപത്രിയിലെത്തി മൊഴിയെടുത്തു. അന്വേഷണം ആരംഭിച്ചു. അക്രമികളിൽ ചിലരുടെ പേരുവിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്.