ചാവക്കാട്:  14 കാരിയായ വിദ്യാര്‍ഥിനിയെ ബസ്സ്‌ യാത്രക്കിടെ ശല്യം ചെയ്ത യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വെളിയങ്കോട് തണ്ണിത്തുറ സ്വദേശി കിഴക്കേതില്‍ അന്‍സാര്‍ മൂസയെയാണ് (25) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാവിലെ 8.30 മണിയോടെ പൊന്നാനി ചാവക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. ബ്ളാങ്ങാട് സ്വദേശിയായ 14 കാരി മന്ദലാംകുന്ന് കിണര്‍ ഭാഗത്തുള്ള ബന്ധു വീട്ടില്‍ നിന്ന് സ്കൂളിലേക്ക്  വരുകയായിരുന്നു. ബസില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപത്തെ സീറ്റിലിരുന്നിരുന്ന യുവാവ് കയറിപ്പിടിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി ചാവക്കാട് സ്റ്റേഷനിലെത്തി പോലീസിന് നല്‍കിയ പരാതിയിലാണ് അന്‍സാറിനെതിരെ പോലീസ് കേസെടുത്തത്. ഗുരുവായൂര്‍ മേഖലയിലെ സ്വകാര്യ സ്കൂളില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.