ചാവക്കാട് : ഖത്തര്‍ എയര്‍വേയ്സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസ്സില്‍ കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ദനെ ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷെമീം മൂഹമ്മദിനെ(28)യാണ് ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ജി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സഹോദരങ്ങളായ പുതുവീട്ടില്‍ ഷിയാസ്, ജാഫര്‍ സാദിഖ്, ഷംസാദ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പ് സംമ്പന്ധിച്ച്  പൊലിസ് പറയുന്നതിങ്ങനെ: സീസണ്‍ കാലത്ത് ടിക്കറ്റ്  വില വര്‍ദ്ദിച്ച സമയം കുറഞ്ഞ ചിലവില്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് കമ്പ്യൂട്ടറില്‍ തയ്യാറാക്കി വില്‍പന നടത്തിയായിരുന്നു തട്ടിപ്പ്. ഇന്റെര്‍നെറ്റ് കഫെ നടത്തുന്ന ഇയാള്‍ കുറഞ്ഞ ചിലവില്‍ ഖത്തര്‍ എയര്‍വേഴ്സിന്റെ ടിക്കറ്റ് ലഭിക്കുമെന്ന് പ്രചരിപ്പിച്ച് വ്യാജ ടിക്കറ്റുകള്‍ നിര്‍മ്മിച്ച് കേരളത്തിലും ഗള്‍ഫ് നാടുകളിലും വില്‍പന നടത്തുകയായിരുന്നു ഇയാള്‍. യഥാര്‍ത്ഥ ടിക്കറ്റ് സ്കാന്‍ ചെയ്ത് വച്ച ശേഷം വ്യാജ സീരിയല്‍ നമ്പരുകളും മറ്റും പതിച്ച് വിലകുറവില്‍ ടിക്കറ്റ് വില്‍പന നടത്തുകയായിരുന്നു പതിവ്. എന്നാല്‍ ടിക്കറ്റുകള്‍ സൂക്ഷ്മപരിശോധന നടത്തിയ അധികൃതര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രചെയ്യാന്‍ കഴിയില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ചാവക്കാട് പൊലിസില്‍ പരാതി ന്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ണൂരിലെത്തിയ പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.  എസ്  ഐ എ  വി രാധാകൃഷ്ണന്‍, എ എസ് ഐമാരായ അനില്‍ മാത്യു, സാബുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.