ചാവക്കാട് : വട്ടിപ്പലിശക്കാരന് വേണ്ടി കള്ളക്കേസിൽ കുടുക്കി  മൂന്നാം മുറ ഉൾപ്പെടെ പോലീസിന്റെ ക്രൂര മർദ്ദനം.  ചങ്ങരംകുളം എസ് ഐ മനേഷിനെതിരെ അകലാട് വെന്താട്ടില്‍ പരേതനായ മുഹമ്മദ് മകൻ എം വി റഫീഖ് ( 38 )  മനുഷ്യാവകാശ കമ്മീഷൻ,  ഉന്നത പോലീസ് അധികാരികൾ,  മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.
പൊതുപ്രവർത്തകനായ റഫീഖ് ചങ്ങരംകുളത്ത് റെഡിമേഡ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം നടത്തി വരികയായിരുന്നു.  കച്ചവട ആവശ്യത്തിനായി  വളയംകുളം സ്വദേശിയായ  പൗരപ്രമുഖനിൽ നിന്നും ഏഴു ലക്ഷത്തോളം രൂപ  വാങ്ങിയിരുന്നു.  പലിശയും കൂട്ടുപലിശയും മുതലും തിരിച്ചു നൽകിയെങ്കിലും സെക്യൂരിറ്റിയായി നൽകിയ ഒപ്പിട്ട മുദ്ര പത്രവും ബ്ളാങ്ക് ചെക്കും തിരികെ നല്കാൻ അയാൾ തയ്യാറായില്ലെന്ന് പറയുന്നു.  തുടർന്ന് രാഷ്ട്രീയ നേതാക്കളും നാട്ടിലെ പ്രമുഖരും ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.  പിന്നീട് റഫീഖ് ചങ്ങരംകുളം എസ് ഐ മനേഷിനെ കണ്ട് ഇയാൾ പണം ആവശ്യപ്പെട്ട് ബുദ്ദിമുട്ടിക്കുന്ന വിവരം ധരിപ്പിച്ചിരുന്നു.   എന്നാൽ വളയംകുളം സ്വദേശിയുടെ സ്വാധീനത്തിനു വിധേയനായ എസ് ഐ റഫീഖിനെ കസ്റ്റഡിയിൽ എടുക്കുകയും പത്ത് ദിവസത്തോളം അറസ്റ്റ് രേഖപ്പെടുത്താതെ അജ്ഞാത കേന്ദ്രങ്ങളിൽ വെച്ച് മൂന്നാംമുറ ഉൾപ്പെടെയുള്ള ക്രൂര മർദ്ദനങ്ങൾക്ക് ഇരയാക്കുകയും തെളിയിക്കപ്പെടാതെ  കിടന്നിരുന്ന കേസുകളിൽ പ്രതിയാക്കുകയും ചെയ്തു.  ചങ്ങരംകുളം, പെരി ന്തല്‍മണ്ണ, മേലാറ്റൂര്‍, ചാലിശേരി, കുന്ദംകുളം, തൃശൂര്‍ ടൗണ്‍, തൃശൂര്‍ ഈസറ്റ് തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണം,  തട്ടിപ്പ് തുടങ്ങിയ  കേസുകളിലാണ് പ്രതി ചേർത്ത് നൂറിലധികം ദിവസം റിമാൻഡിൽ കിടന്നത്.
ചങ്ങരംകുളം എസ് ഐ മനേഷ്, കണ്ടാലറിയാവുന്ന പോലീസുകാര്‍, പോലീസിനെസ്വാധീനി ച്ച് തന്നെ പീഡി പ്പിക്കാൻ കൂട്ടുനിന്നവര്‍ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിരപരാധിത്വം തെളിയിച്ചു നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും റഫീഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.