ചാവക്കാട്: തിരുവത്രയിൽ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ തിരുവത്ര ഗാന്ധിനഗര്‍ റോഡില്‍ പുത്തന്‍വീട് ഇളയിടത്ത് റസിയയുടെ വീട്ടിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തുന്നതിന് മുമ്പു തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് അണച്ചു. മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. പുതിയ സിലിണ്ടർ ഘടിപ്പിച്ച ശേഷം ഗ്യാസ് സ്റ്റൗ റഗുലേറ്റര്‍ തുറന്നിട്ട്‌ കുറച്ചുസമയം കഴിഞ്ഞ് തീ തെളിയിച്ചത് സ്റ്റൗവില്‍ നിന്ന് തീ ആളിപ്പടരാന്‍ കാരണമായെന്ന് കരുതുന്നതായി അഗ്നിശമന സേന വിഭാഗം അധികൃതര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്നതോടെ സ്റ്റൗവില്‍ നിന്ന് സിലിണ്ടറിലേക്കുള്ള വാതകക്കുഴല്‍ കത്തി വാകതം ചോരാന്‍ തുടങ്ങി. അടുക്കളയിലെ പ്ലാസ്റ്റിക് ബോര്‍ഡും കത്തിപ്പോയി. സംഭവം കണ്ട് ഭയന്ന വീട്ടുകാര്‍ സിലിണ്ടറിന്റെ റഗുലേറ്റര്‍ ഓഫ് ചെയ്ത് പുറത്തേക്കോടി. ഭഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് വെള്ളം പമ്പു ചെയ്ത് തീയണച്ചു. ചാവക്കാട് പോലീസും സ്ഥലത്തെത്തി.