ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പ്പടിയില്‍ കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാമാവ് വെങ്കിടങ്ങ് ആരി വീട്ടില്‍ ജിഷ്ണു, മാമാബസാര്‍ പോക്കാകില്ലത്ത് ഷിഹാബുദ്ധീന്‍, സഹോദരന്‍ ഹഫീസ്, ചൊവ്വല്ലൂര്‍പ്പടി പീച്ചിലി വീട്ടില്‍ സുമേഷ് എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ കെ.വി.വനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ പട്രോളിംഗിനിടെ ജിഷ്ണുവിനെയും ഹഫീസിനെയും ഇലക്രോണിക്‌സ് സാധനങ്ങളുമായി പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിയഞ്ഞത്. കഴിഞ്ഞ 10ന് രാത്രിയാണ് നാലുപേരും ചേര്‍ന്നു ചൊവ്വല്ലൂര്‍പ്പടിയിലെ പത്തോളം കടകളില്‍ മോഷണം നടത്തിയത്. വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന 10 കിലോ മത്സ്യം, പച്ചക്കറി, പഴക്കുല, ഡി.വി.ഡിപ്ലയര്‍, കാര്‍ സ്റ്റീരിയോ, മൊബൈല്‍ തുടങ്ങിയവായാണ് വിവിധ കടകളില്‍ നിന്നായി മോഷ്ടിച്ചത്. മോഷണ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. ജൂനിയര്‍ എസ്.ഐ കെ. മഹേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കൃഷ്ണകുമാര്‍, സുകുമാരന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.