ഗുരുവായൂര്‍: നഗരസഭയുടെ ക്രിമിറ്റോറിയത്തില്‍ ശവ സംസ്‌കാരം നടന്നു കൊണ്ടിരിക്കെ കെ.എസ്.ഇ.ബിക്കാര്‍ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി. നഗരസഭയുടെ ചൂല്‍പ്പുറത്തുള്ള വാതക ശ്മശാനത്തിന്റെ ഫ്യൂസാണ് കുടിശികയുടെ പേരില്‍ കെ.എസ്.ഇ.ബിക്കാര്‍ ഊരിയത്. ഒരു മാസത്തെ ബില്‍ തുകയായ 12000 രൂപയാണ് അടക്കാനുണ്ടായിരുന്നത്. വാതകം ഉപയോഗിച്ചാണ് ദഹിപ്പിക്കല്‍ നടക്കുന്നതെങ്കിലും മോട്ടോറിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം വൈദ്യുതിയിലാണ്. കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ജനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. രാവിലെ 11 ന് കപ്പിയൂര്‍ സ്വദേശിനി മഞ്ഞക്കാട് അമ്മിണിയുടെ സംസ്‌കാരം നടന്നു കൊണ്ടിരിക്കെയാണ് ഫ്യൂസ് ഊരിയത്. പിന്നീട് രണ്ട് സംസ്‌കാരങ്ങള്‍ കൂടി ജനറേറ്റര്‍ ഉപയോഗിച്ച് നടത്തി. വൈകീട്ട് 4.30ഓടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.