ചാവക്കാട്: സംസ്ഥാനത്ത് നല്ല നിലവാരമുള്ള മത്സ്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചാവക്കാട് കടപ്പുറം മത്സ്യകൃഷിഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യോത്പാദനം 40,000 ടണ്ണില്‍ നിന്നും 80,000 ആയി വര്‍ധിപ്പിക്കും. 1 2 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തിനാവശ്യമുള്ളത്. ഇതില്‍ രണ്ട് കോടി മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കിയുള്ളവക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉല്പാദിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി സംസ്ഥാനത്തിന്റെ ജലാശയങ്ങളെ പ്രയോജനപ്പെടുത്തും. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കും. കെ.എം.എഫ്.ആര്‍.എ നിയമം ഭേദഗതി ചെയ്യും. തൃശൂരിലെ ഹാച്ചറി പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചര കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ഹാര്‍ബര്‍വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് സാജു, അഡാക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സതിഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.