ചാവക്കാട്: നഗരസഭയുടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ നടത്തുന്നത് വിപുലമായ പദ്ധതികള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടപ്പാക്കേണ്ട വിവിധ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ യോഗം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ‘ഹരിതകേരളം’ പദ്ധതിയുടേയും, നഗരസഭയുടെ ‘ചന്തമുള്ള ചാവക്കാട് പദ്ധതിയുടേയും ഭാഗമായാണ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വ്യാഴാഴ്ച നടത്തുന്ന പ്ലാസ്റ്റിക് ഹര്‍ത്താലാണ് ഇതില്‍ പ്രധാനം. കച്ചവട സ്ഥാപനങ്ങളിലുള്‍പ്പെടെ വ്യാഴാഴ്ച പ്ലാസ്റ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ നല്‍കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. പ്ലാസ്റ്റിക് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ കൂടിയേ തീരുവെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ ആയിരത്തോളം വീടുകളില്‍ തുണിസഞ്ചി വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഉടനെ നടക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇതിനായി നഗരസഭ പരിധിയിലെ സ്‌കൂള്‍ പി.ടി.എ.യുടേയും എന്‍.എസ്.എസ് വളണ്ടിയര്‍മാരുടേയും സഹായം ആവശ്യപ്പെടും.
ഉപയോഗയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റത്തിനായി നഗരസഭാ ഓഫീസ് പരിസരത്ത് ഒരുക്കിയ കടയുടെ ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കും. വീടുകളില്‍ ഉള്ള പഴയ വസ്തുക്കള്‍ ശേഖരിച്ച് ആഴ്ചയില്‍ ഒരു ദിവസം ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി നഗരസഭ ഒരുക്കുന്നത്. ടി.വി, മിക്‌സി, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഇസ്തിരിപ്പെട്ടി, കിടക്ക, തലയിണ, ബാഗുകള്‍ തുടങ്ങിയവയാണ് ശേഖരിച്ച് ഇല്ലാത്തവര്‍ക്ക് നല്‍കുന്നത്.
നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.എച്ച് സലാം, എ.എ.മഹേന്ദ്രന്‍, എം.ബി രാജലക്ഷ്മി, സഫൂറ ബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭ കൌണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.