എടക്കഴിയൂര്‍ : തീരദേശ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഭൂഗര്‍ഭജലമൂറ്റുന്നു. മുമ്പ് വേനല്‍ക്കാലത്ത് മാത്രം നടന്നിരുന്ന വെള്ളമൂറ്റല്‍ ഇപ്പോള്‍ എല്ലാസമയത്തും നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്ന. വന്‍തോതില്‍ ഭൂഗര്‍ഭ ശുദ്ധജലം കാണപ്പെടുന്ന പ്രദേശമാണ് ചാവക്കാട്ടെ കടലോരമേഖല. ഹോട്ടലുകള്‍ക്കും കാറ്ററിങ് കേന്ദ്രങ്ങള്‍ക്കും വെള്ളമെത്തിക്കുന്ന ലോബി കടലോരത്തെ ജലസമൃദ്ധിയില്‍ കണ്ണുവെയ്ക്കാന്‍ കാരണമിതാണ്. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന കിഴക്കന്‍ മേഖലയിലേക്ക് വെള്ളമെത്തിക്കുന്നത് പ്രധാനമായും കടലോരമേഖലയിലെ ജലസമൃദ്ധമായ കിണറുകളില്‍നിന്നാണ്. ഇതൊന്നും വകവെയ്ക്കാതെയാണ് ഇപ്പോള്‍ കച്ചവടതാത്പര്യങ്ങള്‍ക്കായി കുടിവെള്ളം ഊറ്റുന്നത്. നാട്ടുകാരില്‍നിന്ന് കാര്യമായ പ്രതിഷേധമില്ലാത്തതും ജലമൂറ്റല്‍ തുടരാന്‍ കാരണമാകുന്നു. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍നിന്ന് ടാങ്കര്‍ലോറികളില്‍ ദിവസം 50,000 ലിറ്റര്‍ വെള്ളം കടത്തുന്നതിനെതിരേ കഴിഞ്ഞദിവസം പുന്നയൂര്‍ പഞ്ചായത്തില്‍ പരാതി ലഭിച്ചിരുന്നു. പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എടക്കഴിയൂരില്‍ ദേശീയപാതയ്ക്കു പടിഞ്ഞാറുഭാഗത്തെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്നു വെള്ളമൂറ്റി വില്‍ക്കുകയാണെന്നായിരുന്നു പരാതി. എടക്കഴിയൂര്‍ അമ്പലത്ത് ഷംസുവാണ് പഞ്ചായത്തു സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഇത്തരത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കിണറുകളില്‍നിന്നും കുഴല്‍ക്കിണറുകളില്‍നിന്നും വന്‍തോതില്‍ വെള്ളമൂറ്റുന്നത് സമീപഭാവിയില്‍ത്തന്നെ കുടിവെള്ളപ്രശനമില്ലാത്ത ഈപ്രദേശത്തും ജലക്ഷാമത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നേരത്തേ 10അടി താഴ്ചയില്‍ ഭൂഗര്‍ഭജലം കിട്ടിയിരുന്ന കടലോരത്ത് ഇപ്പോള്‍ ചുരുങ്ങിയത് 15 അടിയെങ്കിലും താഴ്ത്തണമെന്ന സ്ഥിതിയായി. ഓരോ വര്‍ഷവും ഭൂഗര്‍ഭജലനിരപ്പ് താഴോട്ടുപോകുന്നതിനിടെയാണ് ഇത്തരത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഭൂഗര്‍ഭജലമൂറ്റുന്നത്. ഇത് ഭാവിയില്‍ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍