ഗുരുവായൂർ : നഗരസഭയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ് സീസൺ 4 ജനുവരി 12 ശനിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 8 ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് നിർവ്വഹിക്കും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം തൃശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും . മത്സരവിജയികൾക്കുള്ള സമ്മാനദാനം ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ നിർവ്വഹിക്കും. ചടങ്ങിൽ ഗുരുവായൂർ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് അദ്ധ്യക്ഷത വഹിക്കും. മാൻ ഓഫ് ദി മാച്ച് മത്സരവിജയികൾക്കുള്ള സമ്മാനദാനം ഗുരുവായൂർ നഗരസഭ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്‌സൺമാരായ സീത രവീന്ദ്രൻ, ശിവപ്രിയ സന്തോഷ്, ജയന്തി പ്രേംകുമാർ, നിമ്മ്യ ഷിജു, കെ.ആർ ജൈത്രൻ എന്നിവരും ഗുരുവായൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും. തൃശൂർ ജില്ലയിലെ ഏഴ് നഗരസഭയിലെയും തൃശൂർ കോർപ്പറേഷനിലെയും ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രാവിലെ 8 ന് നടക്കുന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ചാവക്കാട് നഗരസഭ കുന്നംകുളം നഗരസഭയെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ വടക്കാഞ്ചേരി തൃശൂർ കോർപ്പറേഷനമായി ഏറ്റുമുട്ടും. മൂന്നാമത്തെ മത്സരത്തിൽ ഗുരുവായൂർ നഗരസഭ കൊടുങ്ങല്ലൂരുമായും അവസാന ക്വാർട്ടർ മത്സരത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചാലക്കുടിയെയും നേരിടും.