ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകളുടെ ടാറിങ് അടുത്ത മാസം ഒന്നിന് ആരംഭിക്കും. അതിനു മുമ്പായി റോഡിന്റെ നിരപ്പില്‍ നിന്നും താഴ്ന്നു കിടക്കുന്ന മാന്‍ഹോളുകള്‍ വാട്ടര്‍ അഥോറിറ്റി ഉയര്‍ത്തും. മാന്‍ഹോളുകള്‍ താഴ്ന്നു കിടക്കുന്നതിനാല്‍ ടാറിങ് വൈകുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. ഈ മാസം 16ന് ടാറിങ് ആരംഭിക്കുമെന്ന് പി.ഡബ്ലു.ഡി പ്രഖ്യാപിച്ചിരുന്നെങ്കിലും മാന്‍ഹോളിന്റെ കാര്യം പറഞ്ഞ് ടാറിങ്ങ് അനിശ്ചിതമായി നീട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രശ്‌നത്തില്‍ ഇടപെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. ടാറിങ് അനന്തമായി നീട്ടികൊണ്ടുപോകാന്‍ ആവില്ലെന്ന് എം.എല്‍.എ യോഗത്തില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഒരാഴ്ച്ചക്കകം മാന്‍ ഹോള്‍ ഉയര്‍ത്താനും ടാറിങ് ഫെബ്രുവരി ഒന്നിന് ആരംഭിക്കാനും ധാരണയായത്. തഹാനി ജങ്ഷന്‍ മുതല്‍ പടിഞ്ഞാറെ നടവരെയാണ് ടാറിങ്. എന്നാല്‍ അഴുക്കുചാല്‍ പദ്ധതിയുടെ ശേഷിക്കുന്ന പൈപ്പിടല്‍ സംബന്ധിച്ച് ധാരണയായിട്ടില്ല. കലക്ടര്‍ എ. കൗശികന്‍, കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി, വാട്ടര്‍ അതോറിറ്റിയുടെയും പി.ഡബ്ലു.ഡിയുടെയും ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.