പുന്നയൂര്‍ : പഞ്ചായത്ത് തീരമേഖലയിലെ പുറംമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി കുടിലുകള്‍ കെട്ടിയുണ്ടാക്കുന്നത് തടയണമെന്ന് സി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പുന്നയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക്  ഇക്കാര്യമാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാതെ അവര്‍  ഭൂമാഫിയയെ സഹായിക്കുന്ന നിലപാടെടുക്കുകയാണെന്നും യോഗം ആരോപിച്ചു. തീരമേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും മറ്റും മറിച്ചു വിറ്റ് ഭൂമാഫിയ ലാഭം കൊയ്യുകയാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഉന്നതര്‍ക്ക് പരാതി അയക്കാനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.പി ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു.  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഐ കെ ഹൈദരലി, എ കെ വിജയന്‍, കെ കെ കുഞ്ഞിമോന്‍, എ കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.