തൃശ്ശൂർ: ഗുരുവായൂർ ടൗണിൽ വാണിജ്യസമുച്ചയങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് സീവേജ് സംസ്‌കരണത്തിന് സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ സ്ഥപിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
ഗുരുവായൂർ ക്ഷേത്രനഗരിയിൽനിന്നുള്ള ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി വിഭാവനം ചെയ്ത ഗുരുവായൂർ അഴുക്കുചാൽ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
ഇതിനാവശ്യമായ നടപടി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണം. നിർമാണം പൂർത്തിയാക്കിയ മലിനജല സംസ്‌കരണ പ്ലാന്റിൽനിന്നുള്ള മലിനജലം എത്തിക്കേണ്ട പൈപ്പുകൾ സമയബന്ധിതമായി സ്ഥാപിക്കണമെന്നും കമ്മിഷൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
ചാവക്കാട് പൗരാവകാശവേദിക്കുവേണ്ടി പ്രസിഡന്റ് നൗഷാദ് നൽകിയ പരാതിയിലാണ് നടപടി. കമ്മിഷൻ ഗുരുവായൂർ നഗരസഭാ സെക്രട്ടറിയിൽനിന്ന്‌ റിപ്പോർട്ട് വാങ്ങി. ഡ്രെയിനേജ് സംവിധാനം പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.