ചാവക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ചാവക്കാട് ഓവുങ്ങൽ ഹോട്ടൽ സൈനൽ മന്തി ആരോഗ്യ വകുപ്പ് സീൽ വെച്ചു.
ഇന്ന് രാവിലെ ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഇവിടെ നിന്നും പഴ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും കണ്ടെത്തി. ഇതോടെ നഗരസഭ സെക്രട്ടറി ഡോ. ടി എന്‍ സിനി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭ ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി പോള്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പൂട്ടി സീല്‍വെച്ചത്. സ്‌ക്വാഡ് അംഗങ്ങളായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, റിജേഷ്, വസന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഷയത്തില്‍ യാതൊരു വീട്ടുവീഴ്ചയും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.