ചാവക്കാട് : ജര്‍മന്‍ ഭാഷയില്‍ ദിവ്യബലിയര്‍പ്പണം, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ
പ്രാര്‍ത്ഥനാ ഗീതങ്ങള്‍. അതിര്‍ത്തി കടന്നെത്തിയ തീര്‍ഥാടകര്‍ പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രം
ദേവാലയത്തെ ഭക്തിസാന്ദ്രമാക്കി.
പത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറോളം തീര്‍ത്ഥാടകരാണ് പാലയൂര്‍ തീര്‍ത്ഥകേന്ദ്രം
സന്ദര്‍ശിച്ച് സായൂജ്യം നേടിയത്. ജര്‍മനിയില്‍ ധ്യാനകേന്ദ്രം നടത്തുന്ന മലയാളി സിസ്റ്റര്‍ മര്‍ഗലീത്ത
വളപ്പിലുടെ നേതൃത്വത്തില്‍ എഴുപതു പേരും ജര്‍മനിയിലെ ഡാലിങ്ങല് പാരീഷ് വികാരി വയനാട് സ്വദേശി
ഫാ. ജെന്നീസ് തോമസ് വെച്ചു വെട്ടിക്കലിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരുമാണ്
പാലയൂരിലെത്തിയത്.
ജര്‍മന്‍ വൈദികരായ ഫാ. ഹൂബര്‍, ഫാ. ജോസഫ്, ഫാ. ക്ലൗസ് വിബര്‍ എന്നിവര്‍ ദിവ്യബലിക്ക്
കാര്‍മ്മികത്വം വഹിച്ചു. ബ്യൂഗിളും ഗിത്താറും ഓര്‍ഗണും വായിച്ച് തീര്‍ത്ഥാടകര്‍ ജര്‍മന്‍
പ്രാര്‍ത്ഥനാഗാനങ്ങള്‍ പാടി. സിസ്റ്റര്‍ മര്‍ഗലീത്തയുടെ നേതൃത്വത്തില്‍ 17 വര്‍ഷമായി തുടര്‍ച്ചയായി
തീര്‍ത്ഥാടകര്‍ പാലയൂരിലെത്തുന്നു. ഡാലിങ്ങലില് നിന്നുള്ളവര്‍ ആദ്യമായാണ് പാലയൂര്‍
സന്ദര്‍ശിക്കുന്നത്. തീര്‍ത്ഥകേന്ദ്രം സഹവികാരി ഫാ. ആന്റണി അമ്മുത്തന്റെ നേതൃത്വത്തില്‍
ഇടവകക്കാര് തീര്‍ത്ഥാടകരെ സ്വീകരിച്ചു.