ചാവക്കാട്: നഗരത്തില്‍ മെയിന്‍ റോഡിലെ അപകടാവസ്ഥയിലായ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി. താലൂക്ക് ഓഫീസ് പരിസരം, പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ ഉണങ്ങിയതും, വൈദ്യുതിക്കമ്പികള്‍ക്ക് തടസ്സം നേരിടുന്നതുമായ ചില്ലകളും തടികളുമാണ് മുറിച്ചുമാറ്റിയത്. പലപ്പോഴും വാഹനങ്ങളും യാത്രക്കാരും രക്ഷപ്പെട്ട് പോരുകയായിരുന്നു. ചില്ലകള്‍ വീണ് വൈദ്യുതി തടസ്സവും പലപ്പോഴും നേരിട്ടിരുന്നു. പണിമുടക്കുദിവസമായ ഇന്നലെ റോഡ് പൂര്‍ണമായും അടച്ചാണ് മരംമുറി നടത്തിയത്. ആളുകളും, വാഹനങ്ങളും, കുറവായതിനാല്‍ മരംമുറി എളുപ്പമായിരുന്നു. അതേസമയം മരംമുറിത്തൊഴിലാളികള്‍ സുരക്ഷകളൊന്നുമില്ലാതെയാണ് മരത്തില്‍ കയറി കൊമ്പുകള്‍ വെട്ടിയിട്ടിരുന്നത്. കൂറ്റന്‍ മരങ്ങള്‍ക്കുമുകളില്‍ കയറാന്‍ 40 അടി ഉയരത്തില്‍ പൊങ്ങാവുന്ന ക്രെയിനില്‍ ബെല്‍റ്റില്‍ കയറിയും ഏണിവഴിയും കയര്‍ വഴിയുമാണ് മരക്കൊമ്പിലെത്തിയത്. മരക്കൊമ്പിലിരുന്ന് മുറിക്കുമ്പോള്‍ സുരക്ഷകളൊന്നും പാലിക്കാതിരുന്നത് ജനങ്ങളെ ഭയാശങ്കരാക്കി. മരമുറികഴിഞ്ഞ് ക്രെയിന്‍ വഴി താഴെയിറങ്ങുന്നതും, 60 അടിയോളം ഉയരത്തില്‍നിന്ന് നിമിഷനേരംകൊണ്ട് കയറില്‍ത്തൂങ്ങി താഴേക്കുവരുന്നതുമെല്ലാം കണ്ടുനിന്നവരില്‍ ഭയവും, അത്ഭുതവും ഉളവാക്കി. വൈകീട്ട് നാലുമണിവരെ മരംമുറി തുടര്‍ന്നു. വഞ്ചികടവ് റോഡിലും കൊമ്പുകള്‍വെട്ടി മാറ്റി. വൈദ്യുതി ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തുണ്ടായിരുന്നു.