കടപ്പുറം : കടപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ കര്‍മങ്ങള്‍ക്കുശേഷം പഞ്ചവടി കടലില്‍ ഒഴുക്കി.
കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പില്‍ 36 വര്‍ഷം മുമ്പാണ് ശ്മശാനം സ്ഥാപിച്ചത്. പഞ്ചായത്തില്‍ പെട്ടവരുടെയും കടപ്പുറത്ത് അടിയുന്ന അജ്ഞാത മൃതദേഹങ്ങളുടെയും സംസ്‌കാരം തൊട്ടാപ്പിലാണ് നടത്തിയിരുന്നത്. ഇതിനു പുറമെ സമീപ പഞ്ചായത്തുകളും തൊട്ടാപ്പിലെ പൊതുശ്മശാനമാണ് ആശ്രയിച്ചിരുന്നത്. പല ഭാഗത്തുനിന്നുള്ള മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ഒടുവില്‍ കടപ്പുറം പഞ്ചായത്ത് നിവാസികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തവിധം പൊതുശ്മശാനം നിറഞ്ഞു. ഇതേ തുടര്‍ന്ന് വിവിധ മരണാനന്തര സമിതികള്‍ സംയുക്തമായി കടപ്പുറം പഞ്ചായത്തില്‍ വാതകശ്മശാനം വേണമെന്ന ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്ന് 80 ലക്ഷം രൂപ ചെലവില്‍ വാതകശ്മശാനം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം മുജീബ് അറിയിച്ചു.
ലോകബാങ്കില്‍നിന്ന് ലഭിച്ച രണ്ടു കോടി രൂപയില്‍നിന്നാണ് വാതകശ്മശാനത്തിന് പണം ചെലവഴിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടിന്‍റേയും അംഗങ്ങളുടേയും സാന്നിധ്യത്തില്‍ നവീകരണത്തിനു തുടക്കം കുറിച്ചു.
പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ശാന്തി പഴഞ്ഞി ഷൈന്റെ മുഖ്യകാര്‍മികത്വത്തില്‍ ശുദ്ധികര്‍മവും ശാന്തിപ്രാര്‍ഥനയും നടത്തിയശേഷമാണ് പഞ്ചവടിയില്‍ ഒഴുക്കിയത്.
മരണാനന്തര സമിതി ഭാരവാഹികളായ മേലേടത്ത് വേലായുധന്‍, തൊടം ഉണ്ണികൃഷ്ണന്‍, കെ.എ.വേലായുധന്‍, ചുങ്കത്ത് ബാലകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നല്‍കി.