ചാവക്കാട് : ഇന്ത്യൻ ഫാഷിസത്തിന്റെ പ്രഹര ശേഷി ചെറുതായി കാണരുതെന്നും ജാതി മേൽക്കോയ്മയില് വേരൂന്നിയാണ് സംഘപരിവാർ ഫാഷിസം നിലനിൽക്കുന്നതെന്നും കെ ഇ എൻ പറഞ്ഞു. സമന്വയ സാംസ്കാരിക വേദി ഫാഷിസ്റ്റ് കാലത്തെ ഇന്ത്യൻ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ വധിച്ചവരെയും അതിനു പ്രേരിപ്പിച്ചവരെയും ആദരിക്കുന്ന ലോകത്തിലെ ഏക രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം വിശദീകരിച്ചു.
ചാവക്കാട് വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ ഹാരിസ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഷാജഹാൻ ഒരുമനയൂർ വിഷയാവതരണം നടത്തി. കമൽ സി നജ്മൽ മുഖ്യ പ്രഭാഷണം നടത്തി. വി പ്രഭാകരൻ, അബ്ദുൽ ഹക്കീം, അഷ്‌കർ എന്നിവർ സംസാരിച്ചു.