ഗുരുവായൂര്‍ : പൊതുജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന് ഭീഷണിയായ അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് വേണ്ട നിയമ നടപടികള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന്  കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ തിരുനാവായ റെയില്‍വേ പാത നിര്‍മ്മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭ വായനശാലഹാളില്‍ നടന്ന സമ്മേളനം കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.കെ അബ്ദുള്‍ കലാം അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുത്ത അംഗങ്ങളെ ജില്ല പ്രസിഡന്റ് ജോസ് തെക്കേത്തലയും വിവിധ യൂണിറ്റുകളിലെ മുതിര്‍ന്ന വ്യാപാരികളെ സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസും ആദരിച്ചു. ജില്ല ട്രഷറര്‍ മില്‍’ ജെ തലക്കോട്ടൂര്‍ അംഗത്വ കാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. ആക്ടസ് വളണ്ടിയര്‍മാരെയും പാറൂര്‍ ചിറയില്‍ ഒഴുക്കില്‍പെട്ട മൂന്നു പേരുടെ ജീവന്‍ രക്ഷിച്ച മുഹമ്മദ് സാലിഹിനെയും ചടങ്ങില്‍ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, പി.വി സുരേഷ്, സി.ഡി ജോസ്, ജോഫി കുര്യന്‍, എം.സി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.