ചാവക്കാട്: സമ്പൂർണ വിഷവിമുക്ത പച്ചക്കറി കൃഷിയിൽ കേരളം സ്വയം പര്യാപ്തമാകാനുള്ള ബൃഹത്തായ മാറ്റത്തിലേക്ക് ചുവട് വയ്ക്കുകയാണെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘പച്ചക്കറി തൈനടൽ’ പദ്ധതി ചാവക്കാട് സബ് ജയിലിൽ ഇന്ന് വ്യാഴാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൃഷി ഭവനുകൾ അടിസ്ഥാനമാക്കി 470 ദിവസം നീണ്ട് നിൽക്കുന്ന തീവ്രയജ്ഞ പരിപാടി ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പ്രമേയത്തോടെ “ജീവനി” പദ്ധതി കേരള കൃഷി വകുപ്പ് ആരംഭിക്കുകയാണ്. ഓരോ വീട്ടിലും പച്ചക്കറി കൃഷി എന്നതിന് പുറമെ എല്ലാ വാർഡ് മെമ്പർമാരുടെ വീടുകളിലും കൃഷി നിർബന്ധമാക്കും. ജനപ്രതിനിധികൾ മാതൃകയായി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി ജയിലുകളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാവക്കാട് സബ് ജയിലിൽ 88000 രൂപയുടെ പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക രീതിയിലുള്ള കൃത്യത കൃഷിരീതി അടിസ്ഥാനത്തിൽ 50 സെന്റ് സ്ഥലത്താണ് കൃഷി നടപ്പിലാക്കുന്നത്.

ചാവക്കാട് സബ് ജയിലിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, മധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ, കൃഷി ഡെപ്യുട്ടി ഡയറക്ടർ കെ. എസ്. മിനി, നഗരസഭ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, കെ. എച്ച് സലാം, സഫൂറ ബക്കർ, കെ. എൻ. നാസർഖാൻ എന്നിവർ പങ്കെടുത്തു.

V S Sunil Kumar seeding in sub jail chavakkad