തൊയക്കാവ് : കനോലി കനാലിലെറിഞ്ഞ വലയില്‍ കുടങ്ങിയത് സിംഹം. വലയില്‍ കുടുങ്ങിയ സിംഹ രൂപിയായ ലയണ്‍ ഫിഷ്‌ നാട്ടുകാര്‍ക്ക് കൌതുകമായി. കൂനം പുറത്ത് മോഹനന്റെ കണ്ടാടി വലയില്‍നിന്നാണ് ലയണ്‍ ഫിഷ്‌ ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി കനോലികനാലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് മോഹനന് കൗതുക മത്സ്യം ലഭിച്ചത്. സിംഹത്തിന്റെ സാദൃശ്യമുള്ളതിനാലാണ് ലയണ്‍ ഫിഷ്‌ എന്ന് പേര് വന്നത്. സാധാരണയായി കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ലയണ്‍ ഫിഷ്‌ പുഴയില്‍ കാണപ്പെടുന്നത് അപൂര്‍വ്വമാണ്. കനോലികനാലില്‍ ഉപ്പുവെള്ളം കയറുന്നതോടെ ചേറ്റുവ അഴിമുഖത്തിലൂടെയാണ് കടല്‍ മത്സ്യങ്ങള്‍ പുഴയിലെത്തുന്നത്. മത്തി, അയല, സ്രാവ്, ഡോള്‍ഫിന്‍ എന്നിവയും മുന്‍പ് പുഴയില്‍ കാണപ്പെട്ടിട്ടുണ്ട്. ഉപ്പ് വെള്ളത്തില്‍ മാത്രം ജീവിക്കുന്ന മത്സ്യത്തെ സംരക്ഷിക്കല്‍ ബുദ്ധിമുട്ടായതിനാല്‍ ലയണ്‍ ഫിഷിനെ പിന്നീട് പുഴയിലേക്ക് തന്നെ വിട്ടയച്ചു.