മന്ദലാംകുന്ന് : ബീച്ച് വികസനത്തിന് പുതിയ സാധ്യതകൾ ആരായുന്നതിന് വേണ്ടി ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ബീച്ച് സന്ദർശിച്ച് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ അദ്ധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലയിൽ ബീച്ച് ടൂറിസത്തിന് ഏറെ സാധ്യതയുള്ള പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് ബീച്ചിൽ കേന്ദ്രാവിഷ്കൃത സംസ്ഥാനാവിഷ്കൃത ഫണ്ട്, എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ഫണ്ട്, വിവിധ വകുപ്പ് ഫണ്ട് എന്നിവ സ്വരൂപിച്ചാണ് പദ്ധതിക്ക് രൂപം നല്കുന്നത്. സൗന്ദര്യ വൽക്കരണം, ചിൽഡ്രൻസ് പാർക്ക്, മാലിന്യ നിർമ്മാർജ്ജനം, കൺവെൻഷൻ സെന്റർ, ശലഭോദ്യാനം, മറ്റിതര പൊതു സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി പുന്നയൂർ ഗ്രാമ പഞ്ചായത്ത് കോസ്റ്റ് ഫോർഡിനെ ചുമതലപ്പെടുത്തി.
പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ, ബ്ലോക്ക് പഞ്ചായത്തംഗം ഉമ്മർ മുക്കണ്ടത്ത്, കോസ്റ്റ് ഫോർഡ് അഡീഷണൽ ഡയറക്ടർ സി ചന്ദ്രബാബു, മണ്ണു സംരക്ഷണ ജില്ല ഓഫീസർ പി.ഡി സിന്ദു, കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോക്ടർ ശ്യാം വിശ്വനാഥ്, മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ ബാലഗോപാൽ, ജില്ല സോഷ്യൽ ഫോറസ്ട്രി ഓഫീസർ മനോജ്, ബീച്ച് വികസന സമിതി അംഗങ്ങളായ എം.എ വഹാബ്, കെ.കെ ഇസ്മായിൽ, ടി.എം മശ്ഹൂർ, പി.എ നസീർ, അസീസ് മന്ദലാംകുന്ന്, പി എം മൻസൂർ, എൻ.ബി സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ ബാലഗോപാൽ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ കെ.ഡി രേണുക നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ മുൻകൈ എടുത്താണ് വിവിധ വകുപ്പ് മേധാവികൾ ബീച്ച് സന്ദർശിച്ചത്. ജില്ല പഞ്ചായത്ത് ഫണ്ടിൽ നടക്കുന്ന ചിൽഡ്രൻസ് പാർക്ക് നിർമ്മാണം ബീച്ചിൽ നടന്നുവരികയാണ്.