ചാവക്കാട്: ഒരാവശ്യത്തിനായി രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ തദ്ദേശസ്ഥാപനത്തില്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകരുതെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്തിന്റെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലെയല്ല തദ്ദേശസ്ഥാപനങ്ങള്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണസംവിധാനം തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമാണ് ഉള്ളത്. അഴിമതി ഒരു കാരണവശാലും തദ്ദേശസ്ഥാപനങ്ങളില്‍ പ്രോത്സാഹിപ്പിക്കാനാവില്ല. കെട്ടിട നിര്‍മ്മാണത്തിനുള്ള ലൈസന്‍സിനായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം മാറും. ജില്ലാ ആസൂത്രണ ഓഫീസില്‍ നിന്നുതന്നെ അനുമതി ലഭ്യമാക്കുതിനുള്ള നടപടി ഉടന്‍ ഉണ്ടാവും. കെട്ടിടനിര്‍മ്മാണ ലൈസന്‍സിനായി മാനുവലായി അപേക്ഷ സമര്‍പ്പിക്കുന്നത് മാറി രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പ്യൂട്ടര്‍വത്ക്കരണം കൊണ്ടുവരും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. 57 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കമ്മ്യൂണിറ്റി ഹാളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി സോളാര്‍ പാനല്‍, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ഇന്‍സിനറേറ്റര്‍, വെള്ളം ശുദ്ധീകരിക്കുതിന് ഫില്‍റ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. കമ്മ്യൂണിറ്റി ഹാളിന് പുറമെ പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാസ്പത്രി എന്നിവക്കുവേണ്ട വൈദ്യുതി സോളാര്‍ പാനലില്‍നിന്ന് ലഭ്യമാക്കും. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നല്‍കാന്‍ ധാരണയായുട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷിദ കുണ്ടിയത്ത്, ജനപ്രതിനിധികളായ സി.മുസ്താഖലി, ടി.സി.ചന്ദ്രന്‍, ജാഷിറ ഷംസീര്‍, ജ്യോതി ബാബുരാജ്, കെ.വി.രവീന്ദ്രന്‍, പി.കെ.അലി, നഷറ പി.വി., സിന്ധു അശോകന്‍, എ.വി.ഹംസക്കുട്ടി, നളിനി ലക്ഷ്മണന്‍, ഷൈനി ഷാജി, ലീന സജീവന്‍, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ സി.എച്ച്.റഷീദ്, പി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.