ഗുരുവായൂര്‍ : മഹാജ്ഞാനത്തെ അനുഭവജ്ഞാനമായി രൂപപ്പെടുത്തുകയാണ് നാരായണീയത്തിലൂടെ മേല്‍പത്തൂര്‍ ചെയ്തതെന്നു സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മൂര്‍ത്തി തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് ഭക്തനെ കൊണ്ടുപോവുകയാണ് ഈ കൃതിയിലൂടെ മേല്‍പത്തൂര്‍ ചെയ്തിരിക്കുന്നതെുന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാക്കശേരി, ദേവസ്വം ഭരണ സമിതി അംഗങ്ങളായ പി.കെ. സുധാകരന്‍, അഡ്വ.കെ. ഗോപിനാഥന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ. എ. സുരേശന്‍, സി. അശോകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഗുരവായൂരപ്പ ഭക്തനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ശ്രീമത് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചതിന്റെ സ്മരണക്കായി ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വൃശ്ചികം 28ആണ് നാരയണീയ ദിനമായി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി് ദേവസ്വം നടത്തിയ നാരായണീയ ദശകപാഠഅക്ഷരശ്ലോക മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കി. നാരായണീയ ദിനത്തിന് മുന്നോടിയായി ദേവസ്വം നടത്തി വന്നിരുന്ന നാരായണീയ സപ്താഹം സമാപിച്ചു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ ഡോ.വി.അച്യുതന്‍കുട്ടിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും ഉണ്ടായി.