ചാവക്കാട്: ദേശീയ പാതയില്‍ കഴിഞ്ഞ 20 ദിനത്തിനുള്ളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് നാല് ജീവന്‍. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള സംസ്ഥാന പൊലീസിന്റെ ‘ശുഭയാത്ര’ പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമെന്ന് ആക്ഷേപം.
അപകടം നിത്യസംഭവമായി മാറിയ ദേശീയ പാത 17ല്‍ ഒരിടവേളക്കു ശേഷം കഴിഞ്ഞ 10 നാണ് ജൂലൈയില്‍ നടന്ന ആദ്യ അപകട മരണം. പെരുന്നാള്‍ ആഘോഷവുമായി പട്ടാമ്പിയില്‍ നിന്ന് കടല്‍ കാണാന്‍ ഒരു കാറിലും മൂന്ന് ബൈക്കിലുമായി പുറപ്പെട്ട യുവാക്കളില്‍ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍ പെട്ടത്. പള്ളിപ്പുറം പെരുമുടിയൂര്‍ പുതിയ ഗയിറ്റിനു സമീപം കുന്നത്തൊടി വീട്ടില്‍ ഉമറിന്‍്റെ മകന്‍ ഫവാസാണ് (23) ഈ സംഭവത്തില്‍ മരിച്ചത്. ഇതേ ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത ഉള്ളാട്ടുതൊടി അലിക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഇബ്രാഹിമിനും (19) ഗുരുതരമായി പരിക്കേറ്റിരുന്നു. വൈകുന്നേരം ആറോടെ അകലാട് ഒറ്റയിനി പെട്രോള്‍ പമ്പ് പരിസരത്ത് വെട്ട് എതിര്‍ ഭാഗത്ത് നിന്ന് മത്സ്യം കയറ്റി എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി കണ്ട് ബ്രേക്ക് ചിവിട്ടിയപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് തെന്നി മറിയുകയായിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ് 14ന് ഒരുമനയൂര്‍ മുത്തമ്മാവില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചത് ആലുവ മൂപ്പത്തടം സ്വദേശി എരുമത്ത് വീട്ടില്‍ രവിയുടെ മകന്‍ രാജേഷാണ് (31) മരിച്ചത്. അപകടത്തില്‍ സത്രീകളും വയോധികനുള്‍പ്പടെ പരിക്കു പറ്റിയത് നാല് പേര്‍ക്ക്. ഈ സംഭവം മറക്കുന്നതിനു മുമ്പേ ജൂലൈ 25ന് അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ പെട്ടി ഓട്ടോയിടിച്ചും ഒരു യുവാവ് മരിച്ചു. ഒരു ബൈക്കില്‍ മൂന്നു പേര്‍ ഒന്നിച്ചു പോകുകയായിരുന്നു. കൂടെയുള്ളവര്‍ക്കും പരിക്കു പറ്റി. ഏറ്റവും ഒടുവില്‍ അപകടമുണ്ടായത് ആദ്യം അപകടമുണ്ടായ അകലാട് പെട്രോള്‍ പമ്പ് പരിസരത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെ ആറാം കല്ല് പരിസരത്ത് വെച്ചായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രി. എടക്കഴിയൂര്‍ നാലാംകല്ലിനു പടിഞ്ഞാറ് അമ്പലത്തുവീട്ടില്‍ മുഹമ്മദുണ്ണിയാണ് (55) മരിച്ചത്. ബൈക്ക് യാത്രികന്‍ ബ്ളാങ്ങാട് സ്വദേശി മങ്ങനായകത്ത് അബ്ദുറഹ്മാനും (28) പരിക്കുണ്ട്. റോഡിനെ കുറുകെ നടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാഞ്ഞത്തെിയ ബൈക്കിടിച്ചാണ് അപകടം. ദേശീയ പാതയില്‍ ഇന്നലെ മൂന്നിടത്തുണ്ടായ അപകടങ്ങളില്‍ വീട്ടമ്മയും ബാലനുമുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഈ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ദേശീയ പാതയിലെ അമിത വേഗതയാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. യുവാക്കളായ ബൈക്ക് യാത്രികര്‍ പലരും ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയിലാണിപ്പോഴും. പൊലീസ് സംവിധാനം ഫലപ്രദമാവാത്തതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. സംസ്ഥാന പൊലീസ് മേധാവികള്‍ കൊണ്ടു വന്ന ശുഭയാത്ര പദ്ധതി മേഖലയില്‍ കാര്യമായി നടന്നിട്ടില്ലെന്നും കാടടച്ച് വന്ന പ്രഖ്യാപനങ്ങളും താക്കീതുകളും കടലാസില്‍ തന്നെ ഒതുങ്ങിയെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. പൊലീസ് സംഘടിപ്പിക്കുന്ന ട്രാഫിക് സെമിനാര്‍ നാട്ടുകാരും പത്രപ്രവര്‍ത്തകരുമറിയുന്നത് വാര്‍ത്താകുറിപ്പുകളും വാര്‍ത്തകളും കണ്ടാല്‍ മാത്രമാണ്.