ചാവക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ കുറവും  സാമ്പത്തികനഷ്ടവും കാരണം ഇത്തവണ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്ത് നെല്‍കൃഷി ഇറക്കുന്നില്ലെന്ന് പാടശേഖരസമിതി സെക്രട്ടറി പി.കെ.ബാലന്‍, പ്രസിഡന്റ് പി.പി.പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു. മുമ്പ് പാടശേഖരത്തിന് സമീപത്തെ പറമ്പുകളിലൂടെയാണ് ട്രാക്ടര്‍, കൊയ്ത്തുയന്ത്രങ്ങള്‍ തുടങ്ങിയവ കൊണ്ടുപോയിരുന്നത്. എന്നാല്‍ പാടശേഖരത്തിനോട് ചേര്‍ന്ന് വീടുകളും മറ്റും വന്നതിനാല്‍ പാടശേഖരത്തിലേക്കിറങ്ങാനോ യന്ത്രങ്ങള്‍ കൊണ്ടുപോകാനോ കഴിയുന്നില്ല. ഓരോ വര്‍ഷം കഴിയുംതോറും കുളവാഴയും മറ്റു കളകളും പാടശേഖരത്തില്‍ കൂടിവരികയാണ്. ഇത് പൂര്‍ണ്ണമായും മാറ്റി കൃഷിയിറക്കുക എന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പകത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. പാടശേഖരത്തിലെ നടുത്തോട് വര്‍ഷങ്ങളായി ചണ്ടി മൂടി കിടക്കുകയാണ്. ഈ തോട് വൃത്തിയാക്കാതെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാവില്ല. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാതെ കൃഷി ഇറക്കാനാവില്ലെന്ന് പാടശേഖരസമിതി യോഗം വിലയിരുത്തി. പാടശേഖരസമിതി മുന്‍കൈയ്യെടുത്ത് രൂപവത്കരിച്ച കര്‍ഷകകൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയിരുന്നത്. പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ ഒരേക്കറിനായാലും 100 ഏക്കറിനായാലും മുഴുവന്‍ വെള്ളവും വറ്റിക്കണം. ഇതിനായി 30,000 രൂപ ചെലവുവരും. സാമ്പത്തിക നഷ്ടം ഭയന്ന് നാലോ അഞ്ചോ കര്‍ഷകരാണ് കൃഷിയിറക്കാന്‍ തയ്യാറായിട്ടുള്ളൂ. ഇവര്‍ക്കായി പാടത്തെ മുഴുവന്‍ വെള്ളവും വറ്റിക്കുക എന്നത് ദുഷ്‌കരമാണ്. ഇതാണ് ഇത്തവണ കൃഷിയിറക്കേണ്ട എന്നു  സമിതി തീരുമാനിക്കാന്‍ കാരണം.