ചാവക്കാട് : കാട് ആദിവാസികൾക്ക് എന്നതുപോലെ കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുന്ന നിയമനിർമാണത്തിന് സർക്കാർ തയ്യാറാകണമെന്ന്      എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. കടലും കായലും തിരിച്ചുതരൂ.. പരിസ്ഥിതി സംരക്ഷിക്കൂ.. എന്ന മുദ്രാവാക്യമുയര്‍ത്തി ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ചാവക്കാട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ കൊണ്ടുവന്ന ജി എസ് ടി സംവിധാനം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അതിഭീകരമാംവിധം പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകൾക്കും കനത്ത നികുതിയാണ് സർക്കാർ ചുമത്തുന്നത്.  ജി എസ് ടി വന്നതോടെ സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്‌, എഐടിയുസി സംസ്ഥാന സെക്രട്ടറി എഎന്‍ രാജന്‍, ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ, മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ്‌ അംഗങ്ങളായ കുമ്പളം രാജപ്പന്‍, എ.കെ.ജബ്ബാര്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്‌ കെ.കെ.സുധീരന്‍, സെക്രട്ടറി കെ.സി.സതീശന്‍, സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ്‌ ബഷീര്‍, ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി പി.കെ.രാജേശ്വരന്‍, താവം ബാലകൃഷ്ണൻ, ഹുസൈൻ  ഈസ് പാടത്ത്, പി വി മോഹനൻ, വി എ  ഷംസുദ്ദീൻ, ബേബി ശ്രീനിവാസൻ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഗമത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി പ്രതിജ്ഞ, നാടന്‍ പാട്ട്‌ അവതരണം എന്നിവയുമുണ്ടായി. മീനകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ കടല്‍ തീറെഴുതി  കൊടുത്ത് മത്സ്യത്തൊഴിലാളികളേയും സമുദ്രസമ്പത്തിനേയും ചൂഷണം ചെയ്യുന്ന നടപടികളില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന ആവശ്യമുയര്‍ത്തിയാണ്‌ മത്സ്യത്തൊഴിലാളികള്‍ സമരരംഗത്തേക്കിറങ്ങുന്നത്‌.