പുന്നയൂര്‍ക്കുളം: വില്ലേജ് ഓഫീസിൽ ഒരു ഭൂമിക്കു രണ്ടുപ്രാവശ്യം നികുതി വാങ്ങിച്ച സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുള്ളതായി റവന്യൂ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. പുന്നയൂർക്കുളം സഹകരണ ബാങ്കുകാർ നിതി അടച്ച അതേ ഭൂമിക്കുതന്നെ മറ്റൊരു പേരിൽ നികുതി വാങ്ങിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പുന്നയൂർക്കുളം സഹകരണ ബാങ്ക് അധികൃതർ ചാവക്കാട് തഹസിൽദാർക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയതും ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതും. ഇതേതുടർന്ന് അശ്രദ്ധമൂലം നികുതി വാങ്ങിച്ച ഉദ്യോഗസ്ഥനായ സി.വി.ഷാജിയെ അന്വേഷണവിധേയമായി സ്ഥലംമാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു തഹിസൽദാർ ജയകൃഷ്ണ ബാബു അറിയിച്ചു.