ചാവക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മജിസ്ട്രേറ്റ് കോടതിയിൽവച്ച് സാക്ഷി പറയാനെത്തിയയാളെ ആക്രമിച്ചു.
മർദനമേറ്റ സാക്ഷി കോടതിക്കുള്ളിൽ ഓടിക്കയറി മജിസ്ട്രേറ്റിനോടു പരാതിപ്പെട്ടു. തുടര്‍ന്ന് മജിസ്ട്രറ്റ് പി.എം. സുരേഷ് പ്രതിയുടെ ജാമ്യം റദ്ദാക്കി പുതിയ കേസെടുത്ത് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ഉത്തരവിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞാണു ചാവക്കാട് മജിസ്ടേ്രറ്റ് കോടതിയിൽ അക്രമസംഭവം നടന്നത്. ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അകലാട് വട്ടംപറമ്പിൽ സുനീർ (നൂറൂ-38) ആണ് സാക്ഷിയായ അകലാട് തറമ്മൽ കൂട്ടിലിങ്ങൽ നജീബിനെ (29) ആക്രമിച്ചത്. അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതിയിലെത്തിയവർ നോക്കിനിൽക്കേയായിരുന്നു ആക്രമണം. തനിക്കെതിരെ മൊഴി കൊടുത്താൽ കൊന്നുകളയുമെന്നു പറഞ്ഞാണ് സുനീർ തന്നെ ആക്രമിച്ചതെന്നു നജീബ് മൊഴി നൽകി. സുനീറിൽനിന്നു രക്ഷപ്പെടാൻ കോടതിക്കു പുറത്തേക്കോടിയ നജീബ് ഒരു അഭിഭാഷകന്‍റെ ഓഫീസിൽ അഭയം തേടി. ഉച്ചയ്ക്കുശേഷം കോടതി കൂടുന്ന സമയത്തായിരുന്നു സംഭവം. പിന്നീട് നജീബ് കോടതിക്കുള്ളിലേക്ക് ഓടിക്കയറി പരാതി പറയുകയായിരുന്നു. സംഭവം കണ്ട അകലാട് നാലാംകല്ല് കണ്ടാണത്ത് മുനീറിൽ (34) നിന്ന് കോടതി മൊഴിയെടുത്തു. മൂന്നു വർഷം മുന്പ് സുനീറിന്‍റെ നേതൃത്വത്തിൽ അകലാടുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കേസിൽ സാക്ഷിപറയാനാണ് നജീബ് കോടതിയിലെത്തിയത്.
സൂനീർ വന്ന സ്കൂട്ടറിൽ ആയുധമുണ്ടെ ന്ന പരാതിയെ തുടർന്ന് പൊലീസ് സ്കൂട്ടർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സുനീറിനൊപ്പം വന്ന രണ്ടു പേർ സംഭവമുണ്ടായയുടനെ രക്ഷപ്പെട്ടു. ചാവക്കാട് എഎസ്ഐ അനിൽ മാത്യുവിന്‍റെ നേതൃത്വത്തിൽ സുനീറിനെ വൈകീട്ട് ചാവക്കാട് സബ് ജയിലിലേക്കു മാറ്റി.