ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപതാ തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി. പ്രതികൂല കാലാവസ്ഥയിലും ഊട്ടുതിരുനാളിന് പതിനായിരങ്ങള്‍ പാലയൂരിലെത്തി വിശുദ്ധന്റെ അനുഗ്രഹം തേടി. രാവിലെ തര്‍പ്പണത്തിരുനാള്‍ കൊടിയേറ്റും ഊട്ട് ആശീര്‍വാദവും തുടര്‍ന്ന് ദിവ്യബലിയും ഉണ്ടായിരുന്നു. തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
റെക്ടര്‍. ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, ഫാ. സിംസണ്‍ ചിറമ്മല്‍, ഫാ. ജിന്റൊ കുറ്റിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ഊട്ടുസദ്യയില്‍ പങ്കെടുക്കുന്നതിനും വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിക്കുന്നതിനും തീര്‍ഥകേന്ദ്രത്തിലെ മാര്‍തോമ വിശ്വാസകവാടം കടന്ന് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുമായി ഭക്തരുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു.
ഉച്ചതിരിഞ്ഞ് നടന്ന വിശുദ്ധകുര്‍ബാനകള്‍ക്ക് ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, ഫാ. സജി കിഴക്കേക്കര, ഫാ. ജോയ് മൂക്കന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ജൂലായ് നാലുമുതല്‍ 17 വരെ വൈകീട്ട് 5.15ന് തീര്‍ഥകേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. 15നും 16നുമാണ് തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണത്തിരുനാള്‍. ട്രസ്റ്റി അല്‍ജൊ സി.ജെ., ഊട്ട് കണ്‍വീനര്‍ തോമസ് ഇ.ജെ., ജോസ് വടുക്കൂട്ട്, ജെയ്‌സണ്‍ സി.ജി. എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.