Header

പാര്‍ക്കിങ് ഫീസിനെ ചൊല്ലി തര്‍ക്കം – ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു

ചാവക്കാട്: നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ടാക്‌സി, ടെമ്പോ പാര്‍ക്കിങ് ഗ്രൗണ്ടിന് ഫീസ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഒരുമനയൂര്‍ തങ്ങള്‍പടി രായംമരക്കാര്‍ വീട്ടില്‍ റിയാസ്(30)നാണ് മര്‍ദ്ദനമേറ്റത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഫീസ് പിരിക്കുന്നതിന് കരാറെടുത്ത ആളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് റിയാസ് ചാവക്കാട് പോലീസില്‍ പരാതി നല്‍കി. കാര്‍ പാര്‍ക്കിങിന് ദിവസം 10 രൂപ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക റിയാസ് നല്‍കാത്തതിനെ കരാറുകാരന്‍ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലെത്തിയത്. മര്‍ദ്ദനമേറ്റ റിയാസ് ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. റിയാസ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടി കരാറുകാരനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നഗരസഭയുടെ പാര്‍ക്കിങ് ഫീസിന് അമിത നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ നഗരസഭ ചെയര്‍മാന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി പരിഗണിക്കാമെന്ന് ചെയര്‍മാന്‍ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. 25000 രൂപക്കാണ് ഒരു വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 10 രൂപ വെച്ച് ഒരു ടാക്‌സി ഡ്രൈവര്‍ ഫീസ് നല്‍കിയാല്‍ ഒരു വര്‍ഷം 3600 രൂപ ഈയിനത്തില്‍ നല്‍കേണ്ടി വരും. ടാക്‌സി കാറിന്റെ സര്‍ക്കാരിലേക്കുള്ള നികുതി പോലും 1400 രൂപയേ വരുന്നുള്ളൂവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ടെമ്പോക്ക് 20 രൂപയാണ് ഫീസ് നല്‍കുന്നത്. വാഹനങ്ങളുടെ തോതനുസരിച്ച് 50 രൂപ വരെ വരെ പിരിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള 50ഓളം വാഹനങ്ങളാണ് നഗരസഭയുടെ ഈ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉള്ളത്.

thahani steels

Comments are closed.