ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഏഴാം വാർഡിൽ ജനകീയ വികസന മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് കോൺഗ്രസിലേക്ക് കൂറു മാറിയ ഷാലിമ സുബൈർ അംഗത്വം രാജിവെക്കണമെന്ന് ജനകീയ മുന്നണി നേതാക്കൾ ആവശ്യപ്പെട്ടു.
ജനകീയ വികസന മുന്നണിയുടെ കഠിനാദ്ധ്വാനത്തിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ഇപ്പോൾ കൂറുമാറുകയും ചെയ്ത അംഗത്തിൻറെ നടപടി വോട്ടർമാരെയും ജനകീയ വികസന മുന്നണിയുടെ പ്രവർത്തകരെയും വഞ്ചിക്കുന്നതാണെന്നും നേതാക്കൾ ആരോപിച്ചു. ഇക്കാര്യമറിയിച്ചും വോട്ടർമാരോട് നീതി പുലർത്തണമെന്നാവശ്യപ്പെട്ടും എച്ച് സെയ്ഫുദ്ധീൻ, എൻ.ടി ബദറുദ്ധീൻ, പി.എം നൗഷാദ്, റാഫി മുനക്കൽ, ഷൺമുഖൻ വൈദ്യർ, ഷാജഹാൻ, അഷറഫ് കുന്നുമ്മൽ, അജിതൻ, ഷാജഹാൻ മഞ്ഞിൽ എന്നിവർ നേതൃത്വത്തിൽ നാട്ടുകാർ ഷാലിമ സുബൈറിനെ നേരിൽ കണ്ടു.

കൂറുമാറിയെന്നത് അടിസ്ഥാന രഹിതം

ചാവക്കാട്: കൂറുമാറിയെന്നത് അടിസ്ഥാന രഹിതമെന്ന് കടപ്പുറം പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഷാലിമ സുബൈർ. ജനകീയ മുന്നണി നേതാക്കൾ രാജി ആവശ്യപ്പെട്ട്  നൽകിയ എഴുത്തിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഏഴാം വാർഡിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവർ ജനകീയ മുന്നണി എന്നപേരിൽ തനിക്ക് പിന്തുണ നൽകിയിരുന്നു. ഈ കൂട്ടായ്മയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. കൂട്ടായ്മയുടെ കൺ്വീനർ കോൺഗ്രസ് നേതാവാണ്. അന്നത്തെ സാഹചര്യം മാറിയപ്പോൾ കൺ്വീനറുൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർ യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി. ജനകീയ മുന്നണി എന്നപേരിൽ അന്നുണ്ടക്കിയ സംഘടന പിന്നീട് യോഗം ചേരുകയോ ഭാവി കാര്യങ്ങൾ തീരുമാനിക്കകയോ ചെയ്തിട്ടില്ല. പല പാർട്ടിക്കാരായിരുന്ന അവർ പിന്നീടു വന്ന തെരഞ്ഞെടുപ്പുകളിൽ വിവിധ മുന്നണികളിലായാണ് പ്രവർത്തിച്ചത്. ഇല്ലാത്ത സംഘടനയുടെ പ്രതിനിധിയായി താൻ മാത്രം പ്രവർത്തിക്കുന്നതിൽ യുക്തിയില്ലെന്നും ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരോടൊപ്പമാണ് താൻ പ്രവർത്തിക്കുന്നതെന്നും വോട്ടർമാരുടെ അവകാശം താൻ സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.  കോൺ്ഗ്രസുകാരിയായ ഷാലിമ സുബൈറിന് സർവ പിന്തുണയും രാഷ്ട്രീയ സംരക്ഷണവും നൽകുമെന്ന് കടപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.എം അബ്ദുൽ ജബാർ അറിയിച്ചു.