ഗുരുവായൂര്‍ : ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആനത്താവളം സന്ദര്‍ശിക്കുമ്പോള്‍ കാമറാ നിരോധത്തിന്റെ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാമറ നിരോധനം പിന്‍വലിക്കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടോയെന്ന് മന്ത്രി ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി.മുരളിയോട് ആരാഞ്ഞു. ആനയുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് മാത്രമാണ് അപകടസാധ്യതയുള്ളതെന്ന് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. നിരോധം പിന്‍വലിക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് ആനത്താവളത്തില്‍ കാമറ നിരോധിച്ചത്. ആനകളെ പീഡിപ്പിക്കുന്നതിനെ കുറിച്ച് ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വരുന്നതും പീഡന ദൃശ്യം സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കാമറകളില്‍ പകര്‍ത്തുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പെടുത്തിയതെന്നും ആരോപണം ഉണ്ട്.