ഗുരുവായൂര്‍ : ഹനാനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഗുരുവായൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.  ഗുരുവായൂര്‍  പുന്നയൂർ ചെരായി  സ്വദേശി വിശ്വനാഥനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. എദക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് ജീവനക്കാരനായിരുന്നു.    മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശ്വനാഥനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ വയനാട് സ്വദേശി നൂര്‍ദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.  ഹനാനെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട നിരവധി ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അശ്ലീല പോസ്റ്റിട്ടവരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റു ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നും എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ പോസ്റ്റിട്ടവരില്‍ പലരും പിന്‍വലിച്ചിരുന്നു.