ചാവക്കാട്:: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശത്തെ അപഹസിക്കുന്ന വിധം ബി ജെ പി നേതാക്കള്‍ നടത്തിയ വിമര്‍ശനം ഫാസിസ്റ്റ് ഏകാധിപത്യത്തിന്റെ ബഹിര്‍ പ്രകടനമാണ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. ചാവക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. രാജ്യം ആദരിച്ച മഹാനായ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളി പൊതുസമൂഹം നെഞ്ചേറ്റിയ എം ടി ക്കു നേരെ നടത്തിയ പരാമര്‍ശങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണ്. ഇന്ത്യന്‍ ദാര്‍ശനികതയും, സംസ്‌ക്യതിയും, മനോഹരമായി പ്രകാശിപ്പിച്ചതാണ്എം ടി യുടെ എഴുത്തുകള്‍. രണ്ടാമൂഴം ഉള്‍പ്പെടെയുള്ള കൃതികളില്‍ ദാര്‍ശിനികതയും ആഴപരപ്പുകള്‍ കാണിച്ചുതന്ന എം ടി യെ പോലുള്ള എഴുത്തത്തുകാരനെ നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍കെതിരെ പ്രബുദ്ധ സമൂഹം ഉണരേണ്ടതുണ്ടെന്നും ഓണംമ്പിള്ളി പറഞ്ഞു. ഫാസിസ്റ്റ് അജണ്ടകള്‍കെതിരെ ശബ്ദിച്ചവരെ രാജദ്രോഹികളും, ഭീകരരുമായി ചിത്രീകരിക്കാനുള്ള വ്യാമോഹം വിലപ്പോവില്ല. ഇന്ത്യന്‍ സാഹിത്യത്തിലെ ചിര പ്രതിഷ്ടരായ വ്യക്തിത്വങ്ങളെ അപഹസിക്കാനും തേജോവധം ചെയ്യാനുമുള്ള ശ്രമം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഏകാധിപത്യ പ്രവണതയാണ്. മത സൗഹ്യതത്തിന് കേളികേട്ട കേരള മനസ് എം ടി യെ പോലെയുള്ള മതേതര വീക്ഷണമുള്ള സാഹിത്യ സാംസ്‌കാരിക നായകന്‍മാര്‍ക്കൊപ്പമുണ്ടെന്നും അദേഹം പറഞ്ഞു.
സമസ്ത, എസ് കെ എസ് എസ് എഫ് നേതാക്കളായ നാസര്‍ ഫൈസി, ഉമര്‍ ഫൈസി, ഷെഹീര്‍ ദേശമംഗലം, സിദ്ധീഖ് ബദരി, സത്താര്‍ ദാരിമി, എന്നിവരും സംബന്ധിച്ചു.