ചാവക്കാട്: റേഷന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്‍ഡുടമകള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരവസരം കൂടി നല്‍കുന്നു. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. ഈ കാലയളവില്‍ പല കാരണങ്ങളാല്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കാണ് ജനുവരി ഏഴിന് ഒരവസരം കൂടി നല്‍കുന്നത്. താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട്  മുമ്പ് അപേക്ഷ നല്‍കിയവരും നേര്‍വിചാരണക്ക് ഹാജരായവരും വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. അര്‍ഹതയില്ലാതെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 58 കാര്‍ഡുടമകളുടെ റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണന ഇതര വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അര്‍ഹതയില്ലാതെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്‍ഡുടമകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി മുന്‍ഗണന ഇതര വിഭാഗത്തിലേക്ക് മാറാന്‍ അപേക്ഷ സമര്‍പ്പിക്കണം. വകുപ്പുതല പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയാല്‍ കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം ശിക്ഷാനടപടികള്‍ക്ക് കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ എ.കെ.സതീഷ്‌കുമാര്‍ അറിയിച്ചു.