ചേറ്റുവ: ഇന്ന് പുലർച്ച മുതലുണ്ടായ ശക്തിയായ കടൽക്ഷോഭത്തെ തുടർന്ന് ഏത്തായ് ബീച്ച്, പൊക്കുളങ്ങര, പൊക്കാഞ്ചേരി ഭാഗങ്ങളിൽ നിന്നായി മുപ്പത്തിരണ്ടോളം വീട്ടുകാർ മാറി താമസിച്ചു. ഒരു കിലോമീറ്റർ വീതിയിൽ മൂന്ന് കിലോമീറ്റർ ദൂരം വരെ തിരമാലകൾ അടിച്ചുകയറി. നിരവധി വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. പൊക്കളങ്ങര ബീച്ച് റോഡ് കവിഞ്ഞ് പൊക്കുളങ്ങര പുഴയിലേക്ക് കടൽ വെള്ളം കയറുകയും തുടർന്ന് പുഴ കവിഞ്ഞ് കിഴക്കോട്ട് വെള്ളം കയറുകയും കച്ചവടസ്ഥാപനങ്ങൾ ഉൾപ്പെടെ പല വീടുകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
കടൽഭിത്തിയേയും, മണൽഭിത്തിയേയും തകർത്ത് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ 17-ാം നമ്പർ അംഗനവാടി കെട്ടിടത്തിലേക്ക് തിരമാലകൾ അടിച്ചു കയറി. കെട്ടിടം അപകട ഭീഷണിയിലാണ്. ഇതിനെ തുടർന്ന് കുട്ടികളെ വാടക കെട്ടിടത്തിലേക്ക് മാറ്റി. മാസങ്ങൾക്ക് മുൻപുണ്ടായ കടൽക്ഷോഭത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ജിയോ ബാഗുകൾ നിരത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതല്ലാതെ ഇതുവരെ ഒരു ബാഗ് പോലും നിരത്തിയിട്ടില്ല.
കടപ്പുറം പഞ്ചായത്തിലെ അഹമ്മദ്ഗുരുക്കൾ റോഡിലേക്ക് കടൽ കയറിയതിനെ തുടർന്ന് കടകളും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടു.
അഹമ്മദ്ഗുരുക്കൾ റോഡ് കവിഞ്ഞ് കിഴക്കോട്ട് മൂസ്സ റോഡ് ഭാഗവും വീടുകൾ വെള്ളക്കെട്ടിലാണ്.