ചാവക്കാട്: കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ കടല്‍ഭിത്തി തകര്‍ന്ന് കടലേറ്റം രൂക്ഷമായ ഭാഗങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് താലൂക്ക് വികസനസമിതിയില്‍ പ്രമേയം. സി.പി.ഐ. പ്രതിനിധി പി. മുഹമ്മദ് ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കടല്‍ഭിത്തി പല ഭാഗങ്ങളിലും തകര്‍ന്നനിലയിലാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനും സ്വത്തിനും ഇത് ഭീഷണിയായിരിക്കുകയാണ്. കടല്‍ഭിത്തി ഇല്ലാത്ത ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഒരുമനയൂര്‍ മുത്തമ്മാവില്‍ ദേശീയപാതയുടെ ഇരുവശത്തും സമാന്തരമായി ബസ്സ്‌റ്റോപ്പുകള്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഒരേസമയം ഇരുഭാഗത്തേക്കുമുള്ള ബസുകള്‍ വരുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ബസ്സ്‌റ്റോപ്പുകള്‍ അല്‍പ്പം മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.