ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കോണ്‍ഗ്രസ് സി.പി.എം സംഘട്ടനവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ തെരുവത്ത് അനസ്(29), മാടമ്പി ബിജീഷ്(30), കേരന്റകത്ത് സവാദ്(32), കേരന്റകത്ത് റഷീദ്(30), കേരന്റകത്ത് ജാബിര്‍(21), പുത്തന്‍കടപ്പുറം പള്ളത്ത് ഹസന്‍ മുബാറക്ക്(22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.
സി.പി.എം.പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന തിരുവത്ര പുത്തന്‍കടപ്പുറം സ്വദേശി കുന്നത്ത് മൊയ്തുവിന്റെ മകന്‍ ഹനീഫ, കറുത്താറയില്‍ റിയാസ് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. കോട്ടപ്പുറം സെന്ററില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്ത കോണ്‍ഗ്രസിന്റെ പരിപാടി കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു സംഘട്ടനം.