ചാവക്കാട്: സാംസ്‌കാരിക നഗരിയിലെ ചരിത്രമുറങ്ങുന്ന ചാവക്കാടിന്റെ
മണ്ണില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളയായ എസ് എസ് എഫ് 26-ാമത് സാഹിത്യോത്സവിന് പ്രൗഡോജ്ജ്വല തുടക്കമായി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഇത്തവണത്തെ സാഹിത്യോത്സവ് അവാര്‍ഡ് കവി സച്ചിദാനന്ദന്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സമ്മാനിച്ചു.
രണ്ട് ദിനരാത്രങ്ങളായി നടക്കുന്ന സാഹിത്യോത്സവിനായി ധര്‍മ സമരോത്സുക യൗവ്വനത്തിന്റെ സര്‍ഗ്ഗ പ്രതിഭകള്‍ സംഗമിച്ചപ്പോള്‍ മതമൈത്രിയുടെയും മാനവികതയുടെയും പൂര്‍വ പാരമ്പര്യം പേറുന്ന മിനി ഗള്‍ഫെന്ന തീരദേശം മറ്റൊരു ചരിത്രം കൂടി തീര്‍ത്തു. കഥപറഞ്ഞും കവിത ചൊല്ലിയും തുടങ്ങിയ കലാമേളയുടെ ആദ്യ ദിനം അറബനമുട്ടും ദഫ് മുട്ടും ഖവാലിയുമുള്‍പ്പെടെയുള്ള പരമ്പരാകത
കലാരൂപങ്ങളിലൂടെ കൊട്ടിക്കയറി. കടലോരത്തെ ഈറന്‍ കാറ്റിനെ ഇമ്പമാര്‍ന്ന
മദ്ഹ് ഗാനത്തിന്റെയും മാലപ്പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയുമെല്ലാം ഈരടികളില്‍ അലിയിച്ച് ചേര്‍ത്തപ്പോള്‍ ആദ്യ ദിനം തന്നെ ആസ്വാദകരായെത്തിയതും ആയിരങ്ങളായിരുന്നു.
പ്രസംഗം, ചിത്ര രചന, ഡിജിറ്റല്‍ ഡിസൈനിംഗ്, ഭക്തിഗാനം, കൊളാഷ് പ്രദര്‍ശനം, ഡോക്യുമെന്ററി നിര്‍മാണം, കാലിഗ്രഫി, രചന മത്സരങ്ങള്‍ തുടങ്ങി നൂറ്റിപ്പത്ത് കലാമത്സരങ്ങളാണ് ചാവക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ പിതിനൊന്ന് വേദികളിലായി നടക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുമായി
രണ്ടായിരത്തോളം കലാപ്രതിഭകളാണ് രണ്ടു ദിവസത്തെ സാഹിത്യോത്സവില്‍
മാറ്റുരക്കുന്നത്. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലും കേരളത്തിലെ കലാലയങ്ങള്‍ തമ്മിലുമാണ് മത്സരങ്ങള്‍. സാഹിത്യോത്സവിന് മാറ്റുകൂട്ടി കലാ- സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ വിവിധ സെഷനുകളിലായി പ്രത്യേക ചര്‍ച്ചകളും സംവാദവുമെല്ലാം കോര്‍ത്തിണക്കി സാംസ്‌കാരിക സമ്മേളനവും പുസ്തകോത്സവവും നടക്കുന്നുണ്ട്.
മുരളി പെരുനെല്ലി എം എല്‍ എ, സാഹിത്യകാരന്‍മാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, വീരാന്‍ കുട്ടി, മാധ്യമ പ്രവര്‍ത്തകന്‍ കെ സി സുബിന്‍, എസ്
എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫാറൂഖ് നഈമി, ഐ പി ബി ഡയറക്ടര്‍ എം
അബ്ദുള്‍ മജീദ് എന്നിവർ പ്രസംഗിച്ചു. എസ് എസ് എഫ് ജന. സെക്രട്ടറി എ പി മുഹമ്മദ്
അശ്ഹര്‍ സ്വാഗതവും കെ ബി ബഷീര്‍ നന്ദിയും പറഞ്ഞു.
നാളെ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി
ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍
മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ടി എന്‍ പ്രതാപന്‍ എംപി എന്നിവര്‍
സംബന്ധിക്കും.