ചാവക്കാട്: പ്രവാസ കാലം അയവിറക്കി ആ പഴയ സുഹൃത്തുക്കൾ വീണ്ടും ഒത്തുകൂടി. പ്രവാസജീവിത കാലത്ത് മൂന്ന് പതിറ്റാണ്ടോളം നാട്ടിലെത്താതിരുന്ന ദാസനും സുലൈമാനും തിരിച്ച് വരവ് അനിവാര്യമായതോടെയാണ് നാട്ടിലെത്തിയത്. ‘കരയും കരക്കെട്ടു’മില്ലാതെ, ജീവിക്കാൻ മറന്ന ഇവർ നാട്ടിലെത്തിയപ്പോഴാവട്ടെ അതിജീവനം വെല്ലുവിളിയായി മാറി. വിവരമറിഞ്ഞ അബ്ദുൽ ഖാദർ എം.എൽ.എ പഴയ സുഹൃത്തുക്കൾ ഇപ്പോഴുമുള്ള പ്രവാസി കൂട്ടായ്മയായ അൽ ഐനിലെ മലയാളി സമാജവുമായി ബന്ധപ്പെട്ട് ഇരുവർക്കും എന്തെങ്കിലും സഹായം നൽകാൻ അഭ്യർത്ഥിക്കുകയായിരുന്നു. ചാവക്കാട് ഗവ.റസ്റ്റ് ഹൗസിലെ ഒത്തുകൂടൽ ഐൽ ഐനിലെ ആ പഴയ ബാച്ച്ലേഴ്സ് റൂമിലെ ഒന്നിച്ചുള്ള താമസത്തിൻറെ ഓർമ്മകളായിരുന്നു എല്ലാർക്കും. ഇവർക്കൊപ്പം അൽഐനിലുമുണ്ടാ‍യിരുന്നവരും മലയാളി സമാജത്തിൻറെ പ്രതിനിധികളുമായ തൃത്തല്ലൂർ സ്വദേശികളായ ഇ.കെ ചന്ദ്രനും കരീപ്പാടത്ത് മധൂസുദനനും കൂടി. ഇവരെല്ലാരും കെ.വി അബ്ദുൽ ഖാദർ എം.എൽ.എയുടെ പ്രവാസ കാലസുഹൃത്തുക്കളാണ്. അബ്ദുൽ ഖാദർ നേരത്തെ ഇങ്ങ് പോന്നെങ്കിലും ദാസനും സുലൈമാനും മുപ്പത് വർഷത്തോളം നാട് കാണാതെ കഴിയുകയായിരുന്നു. പ്രയാസങ്ങളുടെ പ്രവാസകാലത്ത് പാസ് പോർട്ടുമില്ലാതെ അജ്ഞാതനായി കഴിഞ്ഞ ദാസനെക്കുറിച്ച് നേരത്തെ വാർത്ത വന്നതാണ്. മലപ്പുറം ജില്ലയിലെ താനൂർ കുന്നുംപുറം പരിയാപുരം പരേതനായ മേലേപുരക്കൽ നാരായണൻറെ മകനായ ദാസൻ നാട്ടിലേക്കുള്ള വഴിയിൽ നേരെ അബ്ദുൽ ഖാദറിനെ വന്ന് കണ്ടാണ് താനൂരിലേക്ക് പോയത്. ഇപ്പോൾ ഒരു സഹോദരി മാത്രമാണ് ഉറ്റവരായിട്ടുള്ളത്.
സുലൈമാനിക്കയുടെ കഥയും സമാനമാണ്. ഇരുവരും തയ്യൽക്കാരായിരുന്നു. തൃശൂർ കാളത്തോട് പണിക്കവീട്ടിൽ ഉമ്പിച്ചി ബാവയുടെ മകനായ സുലൈമാന് ഇപ്പോൾ 73 വയസായി. ജനിച്ച് 90 കഴിയുമ്പോഴേക്ക് ഉപ്പയും മൂന്ന് വർഷത്തിനുള്ളിൽ ഉമ്മയും നഷ്ടമായ സുലൈമാന് രണ്ട് സഹോദരിമാരും രണ്ട് ഹോദരന്മാരുമായിരുന്നു. സഹോദരന്മാരിലൊലാളാണ് അൽ ഐനിലേക്ക് കൊണ്ടുപോയത്. മുപ്പത് വർഷം പോയത് അറിഞ്ഞില്ല. ഇടക്ക് വിസ മാറ്റാൻ തിരുവനന്തപുരത്ത് വന്ന് തിരിച്ചുപോയി. തയ്യൽകടയിലാലിരുന്നു ജോലി. അൽബ എന്നപേരിലായിരുന്നു അത്. ആ പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത്. അൽബാ സുലൈമാൻ. എട്ട് വർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ ഏക സഹോദരി മാത്രം ബാക്കി. ഇപ്പോൾ താമസം വടക്കേക്കാട് ഞമനേങ്ങാട് ചുള്ളിയിൽ കോളനിയിൽ. നാല് സെൻറ് ഭൂമിയിൽ കൂടെ ഭാര്യ ഫാത്തിമയും മകൾ അൻസിലയും. അൻസില പ്ലസ് ടുവിന് പഠിക്കുന്നു. അവളുടെ ജീവിതം നോക്കണം. അതാണ് ലക്ഷ്യം. ഇപ്പോൾ വടക്കേക്കാട് നായരങ്ങാടിയിൽ ഒരു തയ്യൽക്കടയുണ്ട്. കാര്യങ്ങൾ കഴിയാൻ അതാണ് തൊഴിൽ. ഇടക്കിടെ സന്ദർശിക്കാൻ അബ്ദുൽ ഖാദർ വരാറുണ്ടെന്ന് സുലൈമാനിക്ക. സുലൈമാനിക്ക ഉപ്പയുടെ കൂട്ടുകാരനായിരുന്നുവെന്ന് അബ്ദുൽ ഖാദർ. അൽഐനിലുണ്ടായിരുന്നപ്പോൾ തന്നെ വിളിച്ചുകൊണ്ടുപോയി പരിചയപ്പെടുത്തിത്തന്നത് ഉപ്പയായിരുന്നു. ഗൾഫിലെത്തിയ ആദ്യ നാളുകളിൽ ഉപ്പയെടുത്ത് തന്ന പാൻറ്സും ഷർട്ടും തൈച്ച് തന്നത് സുലൈമാനിക്കയായിരുന്നുവെന്നും അബ്ദുൽ ഖാദർ ഓർമ്മിച്ചു. ദാസൻ ഒമാനിലെ അല്‍ബുറൈമിയിലായിരുന്നു. ഇരുവർക്കും മലയാളി സമാജം സ്വരൂപിച്ച സഹായധനം കൈമാറി.