ഗുരുവായൂര്‍ : നവീകരിച്ച ചൊവ്വല്ലൂര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് മഹല്ല് ഭാവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട്  4ന് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ടാണ്  ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഉദ്ഘാടനത്തോടനു ബന്ധിച്ച് നാല് ദിവസങ്ങളിലായി മതപ്രഭാഷണവും സാംസ്‌കാരിക സമ്മേളനവും നടക്കും.  ബുധനാഴ്ച ഡോ: ഫാറൂക്ക് നഈമി അല്‍ ബുഖാരി, വ്യാഴാഴ്ച അബ്ബാസ് മളാഹിരി കൈപ്പുറം, വെള്ളിയാഴ്ച പേരോട് അബ്ദുള്‍റഹ്മാന്‍ സഖാഫി എന്നിവരാണ് പ്രഭാഷണം നടത്തുക. ദിവസവും വൈകീട്ട് ഏഴു മുതലാണ് മതപ്രഭാഷണം. സമാപനദിവസമായ ശനിയാഴ്ച്ച വൈകീട്ട് 4.30ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സി.എം. ബഷീര്‍ ഫൈസി ആനക്കര അനുഗ്രഹ പ്രഭാഷണം നടത്തും.  നാല് മുന്‍ഖത്തീബുമാരെയും 25 വര്‍ഷമായി ബാങ്ക് വിളിക്കുന്ന അബ്ദുല്‍റഹ്മാന്‍ മുസ്ലിയാരെയും ചടങ്ങില്‍ ആദരിക്കും.  മഹല്ല് കമ്മിറ്റിയുടെ കാരുണ്യ ചികിത്സാഫണ്ട് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മഹല്ല് പ്രസിഡണ്ട് കെ.വി. അബ്ദുള്‍ മജീദ്ഹാജി, ജനറല്‍ സെക്രട്ടറി എന്‍.എം. മുത്തു, കെ.എച്ച്. ഇക്ബാല്‍, മഹല്ല് ഖത്തീബ് ഹാഫിസ് മുഹമ്മദ് സ്വഫ്‌വാന്‍ റഹ്മാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.