ചാവക്കാട് : അവധിക്കാലം അറിവിന്‍റേയും തിരിച്ചറിവിന്‍റേയും പാഠമാക്കി മണത്തല ഗവ. എച്ച്.എസ്സ്.എസ്സിലെ കുട്ടികള്‍. വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ച് തയ്യാറാക്കിയ ‘കാറ്റ് വന്നേ, പൂ പറിച്ചേ’ എന്ന മൂസിക് വീഡിയോയുടെ പ്രകാശനം ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. കെ.വി. അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് മൂസിക് വീഡിയോ തക്കാറാക്കിയിട്ടുളളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്‍റെ ഭാഗമായി ടാലന്‍റ് ലാബ് രൂപീകരിച്ച് മൂസിക് വീഡിയോ തയ്യാറാക്കിയ ആദ്യ വിദ്യാലയവും മണത്തല തന്നെ. സ്കൂളിന്‍റെ നേതൃത്വത്തില്‍ ‘വിസില്‍’ എന്ന ലഘുചിത്രവും പൂര്‍ത്തിയാക്കുന്നതോടെ മണത്തല സ്കൂള്‍ ടാലന്‍റ് ലാബ്  സംസ്ഥാനത്തിന് തന്നെ മാതൃകയാവും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോയുടെ സംവിധാനം അധ്യാപകനായ റാഫി നീലങ്കാവിലും നിര്‍മ്മാണം പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ. ഏ.കെ. നാസറും നിര്‍വ്വഹിക്കുന്നു. സംഗീതവും രചനയും അഹ്മദ് മുഈനുദ്ദീനും, സഹസംവിധാനം ഷാജി നിഴലും, ഛായഗ്രഹണം ഹാഷിം അന്‍സാര്‍, പ്രശാന്ത് ഐ ഐഡിയയും  രാജീവ് ചൂണ്ടല്‍ ചിത്ര സംയോജനവും  ചെയ്യുന്നത്. പ്രധാനഅധ്യാപകന്‍ കെ.വി. അനില്‍കുമാര്‍, പി.ടി.എ. പ്രസിഡൻറ് പി.കെ. അബ്ദുൾ കലാം, അദ്ധ്യാപകരായ രാജു എ.എസ്, ധ്വനി വിശ്വനാഥ്, ഹേമ നാരായണബാബു എന്നിവരാണ് ടാലന്‍റ് ലാബിന് നേതൃത്വം നല്‍കുന്നത്.