ചാവക്കാട്:  നഗരസഭ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി 25 ശതമാനം മുതൽ 1400 ശതമാനം വരെ വർധിപ്പിച്ചതിനെതിരേ കെട്ടിട ഉടമകളുടെ കടുത്ത പ്രതിഷേധം. നികുതി വർധന 2013 മുതൽ മുൻകാല പ്രാബല്യത്തോടെ അടയ്ക്കണമെന്നാണ് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കെട്ടിടങ്ങളുടെ വാടക വർഷത്തിൽ അഞ്ച് ശതമാനം മാത്രമാണ് വർധിപ്പിക്കുന്നത് എന്നിരിക്കെ ഇത്രയും ഭീമമായ വർധന ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെട്ടിട ഉടമകളുടെ യോഗം വിലയിരുത്തി. ഈ വിഷയത്തിൽ അടിയന്തര പരിഹാരം കാണുന്നതിനായി നഗരസഭാ ചെയർമാന് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയിലെ അമ്പതിലേറെ കെട്ടിട ഉടമകൾ യോഗത്തിൽ പങ്കെടുത്തു. ലിമ ജാഫർ യോഗത്തിൽ അധ്യക്ഷനായി. കെ.വി. അബ്ദുൾ ഹമീദ്, എച്ച്.എസ്. ഹനീഫ, എ.പി. ഇബ്രാഹിം, എ.പി. ഷഫീർ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.